തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണവും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.
റെയിൽവേ, ജില്ലാ ഭരണകൂടം, തൃശൂർ കോർപറേഷൻ തുടങ്ങിയ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ, ഓഫിസുകൾ മാറ്റിസ്ഥാപിക്കൽ, സ്റ്റേഷൻ സൗകര്യങ്ങളുടെ പുനഃക്രമീകരണം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഗതാഗത നിയന്ത്രണം എന്നിവ യോഗം വിലയിരുത്തി.
നിർമാണ പ്രവർത്തനങ്ങൾക്കിടയിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാൻ യോഗം തീരുമാനിച്ചു. 2028-ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം അറിയിച്ചു.
യോഗത്തിന് ശേഷം സുരേഷ് ഗോപിയും ഉദ്യോഗസ്ഥരും സ്റ്റേഷൻ സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കുകയും നിർമാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഈ മാസം മൂന്നാം വാരത്തോടെ പൊളിക്കൽ ആരംഭിക്കും
സ്റ്റേഷന്റെ പ്രധാന പ്രവേശന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും ഈ മാസം മൂന്നാം വാരത്തിൽ പൊളിച്ചു തുടങ്ങും.
സ്റ്റേഷൻ മാനേജരുടെ മുറി, വിഐപി സെന്റർ, യാത്രക്കാരുടെ വിശ്രമകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കും.
345 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ വികസന പദ്ധതി നടപ്പാക്കുന്നത്. പാഴ്സൽ ഓഫിസിനു സമീപത്തേക്ക് പുതിയ പ്രവേശന കവാടവും ഇൻഫർമേഷൻ സെന്ററും മാറ്റുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
യോഗത്തിൽ മേയർ നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ, ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിഎം എം.സന്ദീപ്, തിരുവനന്തപുരം ഡിവിഷൻ ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ, കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനീയർ വിജയ് പാണ്ഡെ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷബിൻ ആസിഫ്, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ നിതിൻ നോബർട്ട്, സീനിയർ ഡിവിഷനൽ എൻജിനീയർമാരായ ഏഴിലൻ, വി.പ്രവീൺകുമാർ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ നൗഷാദ്, വെങ്കിടാചലപതി കൺസ്ട്രക്ഷൻസിന്റെ ഡയറക്ടർ പൊൻകവിൻ കാർത്തികേയൻ, സുചിത്ര മധുസൂദനൻ, രാജേഷ് നായർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

