റാന്നി നഗരമധ്യത്തിൽ കാട്ടുപന്നി പരിഭ്രാന്തി പരത്തി. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വൈക്കം സ്കൂളിന് സമീപമുള്ള മിനി സൂപ്പർമാർക്കറ്റിൽ കയറിയ കാട്ടുപന്നി കടയുടമയെ ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 8.30-ഓടെയായിരുന്നു സംഭവം. കടയിൽ സാധനങ്ങൾ അടുക്കുന്നതിനിടെ അകത്തേക്ക് ഓടിക്കയറിയ പന്നി ബീന (43) എന്ന സ്ത്രീയെ ആക്രമിക്കുകയായിരുന്നു.
തേറ്റ കൊണ്ടുള്ള കുത്തേറ്റ ബീനയുടെ വലതു കൈക്ക് പരിക്കേറ്റു. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പരിക്കേറ്റ ഭാഗത്ത് മൂന്ന് തുന്നലുകൾ വേണ്ടിവന്നു. സംഭവം നടന്ന ഉടൻ തന്നെ ബീന കടയിൽ നിന്നും പുറത്തിറങ്ങി ഓടിയെങ്കിലും പന്നി പിന്നാലെ പാഞ്ഞു.
നാട്ടുകാർ ബഹളം വെച്ചതോടെ പന്നി റോഡിലൂടെ ഓടി ബ്ലോക്കുപടി വഴി തോട്ടമൺകാവ് അമ്പലത്തിന് മുന്നിലെത്തി. പിന്നീട് റാന്നി എക്സൈസ് റേഞ്ച് ഓഫിസിന് സമീപത്തെ പുരയിടത്തിലേക്ക് കടന്ന പന്നിയെ, രാവിലെ 10.38-ഓടെയാണ് റാന്നി പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ താഴത്തില്ലത്ത് അഭി, കൊടിഞ്ഞിയിൽ ഏബ്രഹാം എന്നിവർ ചേർന്ന് വെടിവെച്ചു കൊന്നത്.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ പന്നിയെ കുഴിച്ചുമൂടി. കഴിഞ്ഞ നാല് ദിവസമായി മലമണ്ണേൽ ഭാഗത്ത് ഈ കാട്ടുപന്നി തമ്പടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
പരുക്കേറ്റ ബീനയെ പഴകുളം മധു എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജൂബി സാബു ഓലിക്കൽ എന്നിവർ സന്ദർശിച്ചു. കാട്ടുപന്നികളെ ക്ഷുദ്ര ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, കാട്ടുമൃഗങ്ങളുടെ ശല്യം തടയാൻ കേന്ദ്ര നിയമത്തിൽ ആവശ്യമായ ഇളവുകൾ വരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പഴകുളം മധു എംഎൽഎ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

