തിരുവനന്തപുരത്ത് പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തല്ലിത്തകർത്തെങ്കിലും, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പാർട്ടി നേതൃത്വം. ടാക്സി ഉടമയായ ആർ.ശ്യാംരാജ് ആണ് ദുരിതത്തിലായിരിക്കുന്നത്.
മേയ് 27-ന് നടന്ന അക്രമത്തിൽ തകർന്ന വാഹനം മാസങ്ങൾ കഴിഞ്ഞിട്ടും വർക്ക്ഷോപ്പിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചിട്ടില്ല. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി വേണ്ടിവരുന്ന 1.85 ലക്ഷം രൂപ കണ്ടെത്താൻ കഴിയാത്തതാണ് ശ്യാംരാജിന്റെ പ്രതിസന്ധി.
തിരിച്ചടവ് മുടങ്ങിയതോടെ കാർ ജപ്തി ഭീഷണിയിലുമാണ്. സംഭവത്തിന് ശേഷം തന്നെ സഹായിക്കുമെന്നും ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കുമെന്നും സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ.റഹീം എംപി ഉറപ്പുനൽകിയിരുന്നു.
എന്നാൽ സംഭവദിവസം ചില നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതൊഴിച്ചാൽ, വാക്കുപാലിക്കാൻ പാർട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്ന് ശ്യാംരാജ് വ്യക്തമാക്കി. സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജ്, നിലവിൽ ഉപജീവനത്തിനായി പെയിന്റിങ് ജോലിക്ക് പോകാൻ നിർബന്ധിതനായിരിക്കുകയാണ്.
വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ച ഉടനെയായിരുന്നു ആക്രമണം നടന്നത് എന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല. അന്ന് നടന്ന ആക്രമണത്തിൽ രണ്ട് കാറുകളാണ് പ്രവർത്തകർ തകർത്തത്.
അതിൽ ശ്യാംരാജിന്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ സംഭവിച്ചത്. മൂന്ന് വനിതകളടക്കം അഞ്ച് ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്ന സമയത്തായിരുന്നു അതിക്രമം.
പ്രവർത്തകർ ആദ്യം മുട്ടയെറിയുകയും പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച് ചില്ലുകളും ബോഡിയും തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ല് തകർന്ന് ശ്യാംരാജിന്റെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

