തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല സ്വദേശി അന്തരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരണപ്പെട്ടത്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പൊലീസിന് നൽകിയിട്ടുള്ള പ്രാഥമിക വിവരം. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച സുധീർ.
സ്വന്തം ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെത്തുടർന്ന് മറ്റൊരു ബോട്ടിൽനിന്ന് ലഭിച്ച ഇരുപത്തിയഞ്ച് കിലോഗ്രാം തൂക്കം വരുന്ന ഇരുപത്തിയെട്ടോളം വറ്റ മീൻ വാങ്ങിയാണ് സുധീറും കുടുംബവും പാകം ചെയ്തു കഴിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിൽ തീവ്രപരിചരണം നൽകുകയും ചെയ്തുവെങ്കിലും ഇന്ന് രാവിലെ ജീവൻ രക്ഷിക്കാനായില്ല.
ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗങ്ങളിൽ വറ്റ മത്സ്യത്തിന്റെ ചാകര അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിപണിയിൽനിന്ന് മത്സ്യം വാങ്ങി കഴിച്ച മറ്റുചിലർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
സംഭവദിവസം ഇരുപത്തിയേഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. സുധീറിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സമാനമായ രീതിയിൽ അലർജിയും ആരോഗ്യപ്രശ്നങ്ങളും ബാധിച്ചിരുന്നു.
ചാകരയിൽ ലഭിച്ച മീനുകൾക്കൊപ്പം പഴകിയ മീനുകൾ കൂടി കച്ചവടക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, വറ്റ മത്സ്യം കൃത്യമായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

