ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ അഗ്നിപഥ് പദ്ധതിയിൽ വലിയ പൊളിച്ചെഴുത്ത്. അഗ്നിവീർ പദ്ധതി പ്രകാരം സേനയിലെത്തിയവർക്ക് കൂടുതൽ കാലം സൈനിക സേവനത്തിനുള്ള അവസരം ലഭ്യമാക്കിക്കൊണ്ടുള്ള നിർണായക പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്നവരിൽ 75 ശതമാനം പേർക്ക് രണ്ട് വർഷം കൂടി സർവീസിൽ തുടരാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ രണ്ട് വർഷത്തെ അധിക സേവനം പൂർത്തിയാക്കുന്നവരിൽ താൽപ്പര്യമുള്ളവരെ സ്ഥിരമായി നിലനിർത്തുമെന്നും സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്.
രാജാ സുബ്രഹ്മണി വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ 2022-ൽ ആണ് സൈന്യത്തിൽ യുവത്വം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഈ പരിഷ്കരണ പദ്ധതി നടപ്പിലാക്കിയത്.
ബീഹാർ, യുപി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, പദ്ധതിയുടെ ആദ്യ ബാച്ചിലെ 18000 അഗ്നിവീറുകളുടെ നാല് വർഷത്തെ കാലാവധി ഈ വരുന്ന ഡിസംബറോടെ പൂർത്തിയാകാനിരിക്കെയാണ് ഈ സുപ്രധാന മാറ്റം.
നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ അനുസരിച്ച് 25 ശതമാനം പേർക്ക് മാത്രമായിരുന്നു സ്ഥിര നിയമനം ലഭിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം, നാല് വർഷത്തിന് ശേഷം പുറത്തുപോകേണ്ടിയിരുന്ന 75 ശതമാനം പേർക്കും രണ്ട് വർഷം കൂടി കാലാവധി നീട്ടി നൽകുകയും, അതിനുശേഷം ഭൂരിപക്ഷം പേർക്കും സ്ഥിര നിയമനത്തിനുള്ള അവസരം ഒരുങ്ങുകയും ചെയ്യും.
അതിനിടെ, വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ മുന്നറിയിപ്പുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഗ്നിപഥ് പദ്ധതി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടിയായെന്ന് ബിജെപിയുടെ വിലയിരുത്തലുകൾക്ക് പിന്നാലെയാണ് സേനയിൽ നിന്നും പുറത്താകേണ്ടിയിരുന്ന പതിനായിരത്തോളം യുവാക്കൾക്ക് ആശ്വാസകരമായ ഈ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

