സൗദി അറേബ്യയിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായി ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീധനം ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞെന്ന് ആരോപിച്ചും നിരന്തരം മർദിച്ചെന്നാണ് അഞ്ജു (24) പൊലീസിന് നൽകിയിരിക്കുന്ന പരാതി.
സംഭവത്തിൽ ഗാർഹികപീഡനം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നീണ്ടകര പരിമണം മണ്ണാത്തറ അനഘ മന്ദിരത്തിൽ താമസിക്കുന്ന അഞ്ജുവിനാണ് ഈ ദാരുണ അനുഭവമുണ്ടായത്.
നീണ്ടകര മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശ്, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ നന്ദു സൗദിയിലാണ് ഉള്ളത്.
കഴിഞ്ഞ വർഷം ജൂലൈ 27 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾത്തന്നെ ഭർത്താവും വീട്ടുകാരും തന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് അഞ്ജുവിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
ഒരു മാസത്തിനു ശേഷം നന്ദു സൗദിയിലേക്ക് മടങ്ങിയെങ്കിലും ഫോണിലൂടെ നിരന്തരം അസഭ്യം പറഞ്ഞതിനെ തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്ക് തിരികെ പോന്നിരുന്നു. പിന്നീട് ബന്ധുക്കളുടെ അനുനയത്തെ തുടർന്ന് കഴിഞ്ഞ മാസം നാലാം തീയതിയാണ് നന്ദു അഞ്ജുവിനെ വീണ്ടും സൗദിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
സൗദിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട ശേഷം പ്രഷർ കുക്കർ, ഇടിക്കല്ല്, ചൂൽ, മോപ്, ബെൽറ്റ്, ലാപ്ടോപ്പ് ചാർജർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് പ്രതി ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു.
അഞ്ജുവിന്റെ ശരീരമാകെ മർദനമേറ്റതിന്റെ പാടുകളും പരുക്കുകളും വ്യക്തമാണ്. തുടർന്ന് കഴിഞ്ഞ മാസം 30-ാം തീയതിയാണ് യുവതിയെ നാട്ടിലേക്ക് തിരികെ അയച്ചത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പൊലീസ് ഇതിനോടകം തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
തനിക്കുണ്ടായ ഭീകരമായ അനുഭവങ്ങളെക്കുറിച്ച് അഞ്ജു വിവരിക്കുന്നത് ഇങ്ങനെ: ‘ഫ്ലാറ്റിൽ ഭർത്താവും ഞാനും മാത്രമായിരുന്നു താമസം. കുക്കറും മറ്റും ഉപയോഗിച്ച് അവർ എന്നെ തല്ലിച്ചതച്ചു.
കത്തി കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി. ഞാൻ മോശക്കാരിയാണെന്ന് വരുത്തിതീർക്കാൻ നിർബന്ധിച്ച് ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ച് അത് എന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തു.
വിവാഹത്തിനു മുൻപും ശേഷവും എനിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും എന്നെക്കൊണ്ട് പറയിപ്പിച്ചു. ജോലിക്കായി പുറത്തുപോകുമ്പോൾ മുറിയിൽ പൂട്ടിയിട്ടാണ് അദ്ദേഹം പോകാറുള്ളത്.’ ഡേറ്റ അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമായിരുന്നു അഞ്ജുവിന്റെ വിവാഹം നടന്നത്.
അഞ്ജുവിന്റെ പിതാവ് ഒരു മത്സ്യത്തൊഴിലാളിയാണ്. വിവാഹത്തിന് മുൻപ് സംസാരിക്കുമ്പോൾ തന്നെ ഭർത്താവ് സംശയത്തോടെയാണ് പെരുമാറിയിരുന്നതെങ്കിലും അന്നത് ഗൗരവത്തിലെടുത്തിരുന്നില്ല.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. തന്റെ ഫോൺ നമ്പർ മാറ്റിയ പുതിയത് എടുപ്പിക്കുകയും സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കർശനമായി വിലക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിന്നീട് ക്രൂരമായ മർദനങ്ങളെന്ന് അഞ്ജു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

