പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന അഥവാ പിഎം സൂര്യഭവനം പദ്ധതിയിൽ സബ്സിഡി തുക വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് അപേക്ഷകരുടെ എണ്ണത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 2024ൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ ഈ പദ്ധതി അതിവേഗമാണ് ജനപ്രിയമായി മാറിയത്.
നിലവിൽ കേന്ദ്ര സർക്കാരിന്റെ സബ്സിഡി 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപ വരെയും, 2 കിലോവാട്ടിന് 60,000 രൂപ വരെയും, 3 കിലോവാട്ടിന് പരമാവധി 78,000 രൂപ വരെയുമാണ് സബ്സിഡി ലഭിക്കുക.
കൂടുതൽ ജനങ്ങളെ ഈ പദ്ധതിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ അധിക സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ട
ഒന്നാണ് തമിഴ്നാട് സർക്കാരിന്റെ നടപടി. അധിക സബ്സിഡി പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക പോർട്ടൽ തുറക്കുകയും ചെയ്തതോടെ വലിയ തോതിലുള്ള അപേക്ഷകളാണ് ലഭിക്കുന്നത്.
പോർട്ടൽ പ്രവർത്തനമാരംഭിച്ച് 10 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ 16,500 അപേക്ഷകൾ ലഭിച്ചതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആനുകൂല്യം പ്രകാരം 1 കിലോവാട്ട് സിസ്റ്റത്തിന് 35,000 രൂപയും, 2 കിലോവാട്ടിന് 70,000 രൂപയും, 3 കിലോവാട്ടും അതിനു മുകളിലുള്ളവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് ലഭിക്കുക.
ഇതിൽ തമിഴ്നാട് സർക്കാർ സ്വന്തം നിലയിൽ പരമാവധി 22,000 രൂപ വരെയാണ് സബ്സിഡിയായി നൽകുന്നത്. ഇതിനുപുറമെ, ഡൽഹി, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതിക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര വിഹിതത്തിന് പുറമേ 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഉത്തർപ്രദേശ് നൽകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളെ ഇപ്പോൾ ചേർക്കുന്ന സംസ്ഥാനവും ഉത്തർപ്രദേശാണ്.
പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന 2.25 ലക്ഷം കുടുംബങ്ങൾക്ക് 3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനൽ സൗജന്യമായി സ്ഥാപിച്ച് നൽകാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന എന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്.
ഇതിനായി പ്രത്യേക പോർട്ടൽ ആരംഭിച്ച ഡൽഹി സർക്കാർ, സംസ്ഥാനത്തെ പുരപ്പുറ സോളർ സബ്സിഡി വിഹിതം ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം നൽകുന്ന 78,000 രൂപയ്ക്ക് പുറമെ ഡൽഹി സർക്കാരും സമാനമായ തുക നൽകുന്നതോടെ ഉപയോക്താവിന് ആകെ 1.56 ലക്ഷം രൂപ വരെ പ്രയോജനം നേടാനാകും.
കേന്ദ്ര വിഹിതത്തോടൊപ്പം 20,000 രൂപ കൂടി ചേർത്ത് സബ്സിഡി തുക 98,000 രൂപയായി ബിഹാർ ഉയർത്തിയിട്ടുണ്ട്. ജമ്മുകശ്മീർ, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളും പദ്ധതി വ്യാപകമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
ബോധവൽക്കരണ പരിപാടികളിലൂടെ ഉപയോക്താക്കളെ ആകർഷിക്കാനാണ് തെലങ്കാന ശ്രമിക്കുന്നത്. ജമ്മുകശ്മീരിൽ ഇതിനകം തന്നെ 43,000 വീടുകളിൽ പുരപ്പുറ സോളർ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു.
ജമ്മുവിൽ 17,000 വീടുകളിലും കശ്മീരിൽ 26,000 വീടുകളിലുമാണ് ഇത് നടപ്പിലാക്കിയത്. 100 മെഗാവാട്ട് ഉൽപാദനശേഷി എന്ന ലക്ഷ്യവും ഇതിനോടകം കൈവരിച്ചിട്ടുണ്ട്.
കേന്ദ്ര സബ്സിഡിക്ക് പുറമേ ഇവിടെ ടോപ്-അപ് സബ്സിഡി നൽകുന്ന കാര്യവും പരിഗണനയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

