തമിഴ്നാട്ടിലെ ഈറോഡിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷാംശം ചേർക്കാൻ ശ്രമം നടന്ന സംഭവത്തിൽ ഒരാൾ പിടിയിലായി. ഈറോഡ് സ്വദേശിയായ ബി അറുമുഖം ആണ് പൊലീസിന്റെ പിടിയിലായത്.
ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യമാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അറുമുഖത്തിന്റെ ഭാര്യ ആലമ്മാൾ ഈ വിദ്യാലയത്തിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ ഇവരെ അടുത്തിടെ സ്കൂൾ അധികൃതർ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ പക വീട്ടുന്നതിനായി സർക്കാരിന്റെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിക്കായി തയ്യാറാക്കിയ സാമ്പാറിൽ വിഷം കലർത്താൻ പ്രതി പദ്ധതിയിടുകയായിരുന്നു.
ഈ ഗൂഢാലോചനയ്ക്കായി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ ഉപയോഗപ്പെടുത്തിയത്. കുട്ടിക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഈ ദൗത്യം ഏൽപ്പിച്ചത്.
സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുൻപ് അധ്യാപകർ അത് രുചിച്ചു നോക്കണമെന്ന കർശന ചട്ടമുണ്ട്. ഈ ചട്ടപ്രകാരം അധ്യാപികയ്ക്കായി മാറ്റിവെച്ചിരുന്ന പാത്രത്തിലെ സാമ്പാറിലാണ് കുട്ടി വിഷം കലർത്തിയത്.
ഭക്ഷണം കഴിച്ചുനോക്കിയ അധ്യാപികയ്ക്ക് അസാധാരണമായ രുചിയും ഗന്ധവും തോന്നി സംശയം ഉടലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ കയ്യിൽ മഞ്ഞ നിറത്തിലുള്ള രാസവസ്തുവിന്റെ അംശം കണ്ടെത്തുകയും ചെയ്തു.
അധ്യാപികയുടെ ചോദ്യം ചെയ്യലിന് ഒടുവിൽ കുട്ടി സത്യം തുറന്നുപറയുകയായിരുന്നു. സ്കൂളിലെ സുരക്ഷാ സംവിധാനങ്ങളുടെയും അധ്യാപകരുടെ സമയോചിത ഇടപെടലിന്റെയും ഫലമായി വൻ ദുരന്തമാണ് വഴിമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

