സഹപാഠികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കര ഭാരതമാത കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി എസ്.
ശ്രീഹരിയാണ് പൊലീസിന്റെ പിടിയിലായത്. ഒപ്പം നടന്ന് സൗഹൃദം നടിച്ച് തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തിയ പ്രതിയെക്കുറിച്ചുള്ള ഓർമ്മകളിൽ ഞെട്ടലിലാണ് സഹപാഠികൾ.
കോളജിലെ വിവിധ ചടങ്ങുകൾക്ക് ഫൊട്ടോഗ്രഫറായി പ്രവർത്തിച്ചിരുന്ന ശ്രീഹരി, സഹപാഠികളുടെ ആവശ്യപ്രകാരം മികച്ച ചിത്രങ്ങളും വിഡിയോകളും പകർന്നു നൽകിയിരുന്നു. എന്നാൽ സൗഹൃദത്തിന്റെ മറവിൽ കൂടെ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചിരിക്കുന്നത്.
മോർഫിങ്ങിലൂടെ അശ്ലീലരൂപത്തിലേക്ക് മാറ്റിയ ദൃശ്യങ്ങൾ സ്വകാര്യ സൈറ്റുകൾ വഴി വിൽപന നടത്തിയതായും സംശയമുണ്ട്. കോളജിനു പുറത്തുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ചതാകാം ഈ ചിത്രങ്ങളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആശങ്കയിലായ ചില പെൺകുട്ടികളുടെ രക്ഷിതാക്കൾ ഇതിനകം പൊലീസിനെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ മുതലുള്ള ശ്രീഹരിയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ടെലഗ്രാം ചാറ്റുകൾ വഴിയാണ് ചിത്രങ്ങൾ കൂടുതലും കൈമാറിയിരുന്നത്.
ഇതിനായി പ്രത്യേക സമൂഹമാധ്യമ ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംശയ നിഴലിലുള്ള മറ്റ് ചില വിദ്യാർത്ഥികളുടെ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കി.
പ്രതിയെ കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ തുതിയൂരുള്ള വീട്ടിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.കെ.
ബിജോയ് ചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എസ്.
സനൽ തലവനായുള്ള സംഘത്തിൽ സൈബർ പൊലീസ് വിദഗ്ധരും ഉൾപ്പെടുന്നുണ്ട്. ശ്രീഹരിക്കു പുറമേ കോളജിനകത്തും പുറത്തുമുള്ള മറ്റ് ചില വിദ്യാർഥികൾക്കും ഈ കൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചില ചിത്രങ്ങൾ ശ്രീഹരി നേരിട്ട് മോർഫ് ചെയ്യാതെ മറ്റുള്ളവർക്ക് അയച്ചു നൽകുകയും, അവർ മോർഫ് ചെയ്ത് തിരികെ നൽകുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ലാപ്ടോപും മൊബൈൽ ഫോണും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആഴത്തിലുള്ള സൈബർ പരിശോധനയ്ക്കായി ഡിജിറ്റൽ ക്രൈം അന്വേഷണ സംഘത്തിന് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

