സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ മലപ്പുറം എഫ്സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മലപ്പുറത്തിന്റെ വിജയം.
ഈ ജയത്തോടെ നാല് കളികളിൽ നിന്ന് അഞ്ച് പോയന്റുമായി മലപ്പുറം ടേബിളിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, കളിച്ച മത്സരങ്ങളിൽ ഒരു പോയന്റ് മാത്രം സ്വന്തമായുള്ള തൃശൂർ അവസാന സ്ഥാനത്ത് തുടരുകയാണ്.
മത്സരത്തിന് സാക്ഷ്യം വഹിക്കാൻ 17323 പേരാണ് പയ്യനാട് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും കരുതലോടെയാണ് കളത്തിലിറങ്ങിയത്.
ആദ്യ 15 മിനിറ്റിൽ ഇരുഗോൾമുഖങ്ങളും കാര്യമായ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നില്ല. 18-ാം മിനിറ്റിൽ മുഹമ്മദ് മഹ്ദിയെ ഫൗൾ ചെയ്തതിന് തൃശൂർ താരം വ്ലാദിമിർ കാസ്ട്രോ മഞ്ഞക്കാർഡ് കണ്ടു.
തൊട്ടുപിന്നാലെ പരിക്കേറ്റ് താരം കളളം വിട്ടു. 36-ാം മിനിറ്റിൽ മലപ്പുറത്തിന് സുവർണ്ണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ കമാലുദ്ദീന്റെ പ്രകടനം തൃശൂരിന് തുണയായി.
ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മലപ്പുറം 10 പേരായി ചുരുങ്ങി.
സിലാജിത്തിനെ ഫൗൾ ചെയ്തതിന് പ്രതിരോധനിര താരം അബ്ദുൽ സമദിന് രണ്ടാം മഞ്ഞക്കാർഡും പിന്നാലെ ചുവപ്പ് കാർഡും ലഭിച്ചു. എന്നാൽ ഈ തിരിച്ചടിയെ അതിജീവിച്ചാണ് മലപ്പുറം പിന്നീട് ഗോൾ മഴ തീർത്തത്.
65-ാം മിനിറ്റിൽ റാഷിദ് സി കെയിലൂടെ മലപ്പുറം ആദ്യ ഗോൾ നേടി. തുടർന്ന് 73-ാം മിനിറ്റിൽ റാഷിദ് തന്റെയും ടീമിന്റെയും രണ്ടാം ഗോൾ വലയിലാക്കി.
രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ മലപ്പുറം മത്സരത്തിൽ പൂർണ്ണാധിപത്യം സ്ഥാപിച്ചു. വൈകാതെ മുഹമ്മദ് മെഹ്ദിയും മലപ്പുറത്തിനായി സ്കോർ ചെയ്തു.
തുടർന്ന് ഇൻജുറി ടൈമിൽ നായകൻ അമദു സുക്കൂന കൂടി ലക്ഷ്യം കണ്ടതോടെ മലപ്പുറം 4–0 ന്റെ ശിക്ഷാവിധി നടപ്പാക്കുകയായിരുന്നു. ടൂർണമെന്റിലെ അടുത്ത മത്സരത്തിൽ ഒക്ടോബർ 18 ഞായറാഴ്ച കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് കണ്ണൂർ വാരിയേഴ്സ് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

