ഡൽഹി: വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലുണ്ടായ ദുർഗാ പൂജ പന്തൽ അപകടത്തിൽ 17 പേർ ദാരുണമായി കൊല്ലപ്പെട്ടു. പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഗാധമായ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ഫോണിൽ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി. നാളെ പശ്ചിമബംഗാളിൽ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ ആഭ്യന്തര മന്ത്രി, പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രി നേരിട്ട് സന്ദർശിക്കും.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. വൈകുന്നേരം ഏഴ് മണിയോടെ മേഖലയിൽ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു.
മഴ ശക്തമായതോടെ പൂജ കാണാനെത്തിയ ജനക്കൂട്ടം ഒന്നിച്ച് പന്തലിലേക്ക് അഭയം തേടാൻ കയറാൻ ശ്രമിച്ചതാണ് വൻ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവരമറിഞ്ഞ് സ്ഥലത്ത് ഉടൻ തന്നെ ദുരന്തനിവാരണ സേനയെത്തി ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

