ചെന്നൈ: തമിഴ്നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിക്കായി 139 കോടി രൂപയും അനുവദിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം ഉറപ്പാക്കുന്നതിന് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്ന ‘വെട്രി ലാപ്ടോപ്പ് പദ്ധതി’യും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗജന്യ താമസവും പഠനവും ലഭ്യമാക്കുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ 5 പുതിയ ഐ.ടി.ഐകളും ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം തിരികെ കൊണ്ടുവരണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത്, മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനും ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഉൾപ്പെടെയുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കുമെന്നും ബജറ്റിൽ ഉറപ്പുനൽകുന്നു. ഇതിനുപുറമെ, ഗർഭിണികൾക്കായി എല്ലാ ജില്ലകളിലും പ്രത്യേക പരിചരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി 23 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇവിടെ സൗജന്യ ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കും. നവവധുവിന് സർക്കാർ സമ്മാനമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതിക്കായി 812 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
ഇലക്ട്രിക് വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകുന്ന പുതിയ പദ്ധതിക്കായി മൂന്ന് കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

