ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ വഴി പ്രണയം നടിച്ച് വയോധികനായ സൈക്കോളജിസ്റ്റിനെ കബളിപ്പിച്ച് വൻതുക തട്ടിയെടുത്തതായി പരാതി. ക്വീൻസ്ലൻഡ് സ്വദേശിയായ 70 വയസ്സുകാരനാണ് അത്യാധുനിക സാങ്കേതിക വിദ്യയുടെ ഇരയായത്.
ദക്ഷിണാഫ്രിക്കയിലെ ഒരു നഴ്സിന്റെ ഡീപ് ഫേക്ക് വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് സംഘം വല വിരിച്ചത്. ഡേറ്റിങ് ആപ്ലിക്കേഷൻ വഴി മെലാനി എന്ന യുവതിയുമായാണ് സൈക്കോളജിസ്റ്റായ മൈക്കിൾ സൗഹൃദത്തിലായത്.
പിന്നീട് ഈ ബന്ധം ഒരു വർഷത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. തുടക്കത്തിൽ ചില സംശയങ്ങൾ തോന്നിയെങ്കിലും, തന്റെ പാസ്പോർട് രേഖകളും ഫോട്ടോകളും അയച്ചുനൽകി മെലാനി മൈക്കിളിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് മൈക്കിൾ വലിയ തുക യുവതിക്ക് അയച്ചുകൊടുത്തത്. പണം കൈമാറുന്ന വേളയിൽ ബാങ്കിൽ നിന്നും കൃത്യമായ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നെങ്കിലും, സൗഹൃദത്തിന്റെ ആവേശത്തിൽ മൈക്കിൾ അതൊന്നും കാര്യമായി എടുത്തതേയില്ല.
എന്നാൽ പിന്നീട് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ ക്വീൻസ്ലൻഡ് സർവകലാശാലയിലെ ഡിജിറ്റൽ ഫോറൻസിക്സ് സ്പെഷ്യലിസ്റ്റായ ഡോ.
പ്രിയങ്ക സിങ്ങിന് ചുരുക്കം ചില മിനിറ്റുകൾ മാത്രമാണ് വേണ്ടിവന്നത്. മെലാനിയുടെ വിഡിയോ വിശദമായി പരിശോധിച്ച വിദഗ്ധർ പല പൊരുത്തക്കേടുകളും കണ്ടെത്തി.
വിഡിയോയിലെ സ്ത്രീയുടെ കമ്മലുകൾ മാറിപ്പോകുന്നതും, അവർ ഇരിക്കുന്ന കസേരയുടെ ആകൃതി ഇടയ്ക്കിടെ മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനെല്ലാം പുറമെ, വിഡിയോയുടെ ഇടയിൽ മെലാനി കൈകൊണ്ട് മുഖം തടവുമ്പോൾ അവർക്ക് ആറ് വിരലുകൾ ഉണ്ടായിരുന്നു എന്നത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു.
വോയ്സ് ക്ലോണിങ് സാങ്കേതിക വിദ്യയോടൊപ്പം ഫെയ്സ് സ്വാപ്പിങ് വിദ്യയും സംയോജിപ്പിച്ചാണ് ഈ കുറ്റകൃത്യം നടപ്പിലാക്കിയത്. തന്റെ പണം നഷ്ടപ്പെട്ട
വിവരം കാണിച്ച് മൈക്കിൾ നൽകിയ പരാതിയിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തട്ടിപ്പുകാർ വിദേശത്താണെന്ന് കണ്ടെത്തിയതിനാൽ നഷ്ടപ്പെട്ട
പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

