റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണപ്പാടമായ ഷൈബ ലക്ഷ്യമിട്ട് ഹൂത്തികളുടെ ഡ്രോൺ ആക്രമണം. തെക്കുകിഴക്കൻ സൗദിയിൽ യുഎഇ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് പ്രവാസികൾ ദാരുണമായി കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരണമടഞ്ഞത്.
സംഭവത്തിൽ ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായതായി സൗദി ഊർജമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ജീവനക്കാർ മരിക്കുകയും, ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരു വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, സൗദി അറേബ്യയിൽ ഹൂത്തികളുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ എംബസി ജീവനക്കാരോട് രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് അത്യാവശ്യ ജോലികളിൽ അല്ലാത്ത യുഎസ് സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സൗദി വിടണമെന്ന് കർശന നിർദേശം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

