രാജ്യതലസ്ഥാനത്ത് പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്കായി നടപ്പാക്കുന്ന സൗജന്യ സോളർ പാനൽ പദ്ധതിയുടെ റജിസ്ട്രേഷൻ നടപടികൾ ഒരുലക്ഷം പിന്നിട്ടു. കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായാണ് 2027 മാർച്ചിനകം മൊത്തം 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളർ പാനൽ ലഭ്യമാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതിയുടെ വ്യാപനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഡൽഹി സർക്കാർ ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. റജിസ്ട്രേഷൻ അതിവേഗം ഒരുലക്ഷം കടന്നത് പുനരുപയോജക ഊർജ രംഗത്തൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ഡൽഹി വൈദ്യുതി മന്ത്രി ആശിഷ് സൂദ് വ്യക്തമാക്കി.
പിഎം സൂര്യഘർ പദ്ധതിയിലൂടെ രാജ്യത്തെ സുസ്ഥിര ഊർജ രംഗത്ത് മുന്നോട്ടുനയിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനകാഴ്ചപ്പാടിന്റെ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 21 വരെയുള്ള കണക്കുപ്രകാരം 1,02,461 കുടുംബങ്ങളാണ് സൗജന്യ സോളർ പാനലിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ ഏറ്റവുമധികം റജിസ്ട്രേഷൻ രേഖപ്പെടുത്തിയിരിക്കുന്നത് സൗത്ത്, വെസ്റ്റ് ഡൽഹി മേഖലകളിൽ നിന്നാണ് (37,168). ഇതിനുപുറമെ, ഈസ്റ്റ്, സെൻട്രൽ ഡൽഹി മേഖലകളിൽ നിന്ന് 32,718 കുടുംബങ്ങളും നോർത്ത്, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 32,575 പേരും ഇതിനകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
കൂടുതൽ നിലകളുള്ള കെട്ടിടങ്ങളിൽ സോളർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി ഗ്രൂപ്പ് നെറ്റ്-മീറ്ററിങ് നയമാണ് സർക്കാർ നടപ്പാക്കുന്നത്. മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുന്നത്.
ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപവരെയും, രണ്ട് കിലോവാട്ടിന് 60,000 രൂപവരെയും മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപ വരെയുമാണ് സബ്സിഡി ലഭിക്കുക. പിഎം സൂര്യ ഘർ പദ്ധതിയിൽ ചേർന്ന് സബ്സിഡി സ്വന്തമാക്കാൻ 2027 മാർച്ച് 31 വരെയാണ് സമയമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
ഡൽഹി സർക്കാർ സ്വന്തം നിലയിലും നിലവിൽ 30,000 രൂപവരെ സബ്സിഡി നൽകുന്നുണ്ട്. ഇത് പിന്നീട് 78,000 രൂപയിലേക്കും ഉയർത്തും.
ഇതോടെ സംസ്ഥാനത്ത് പദ്ധതിപ്രകാരം നേടാവുന്ന പരമാവധി സബ്സിഡി ഇരട്ടിയായി വർധിക്കും. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ബോർഡിന് കൈമാറി ഉപയോക്താക്കൾക്ക് സാമ്പത്തിക നേട്ടവും സ്വന്തമാക്കാം.
2027 മാർച്ചിനകം സംസ്ഥാനത്ത് മൊത്തം 2.27 ലക്ഷം സോളർ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കാനാണ് ഡൽഹി സർക്കാർ ലക്ഷ്യമിടുന്നത്. സോളർ പാനൽ സ്ഥാപിക്കുമ്പോൾ തന്നെ മുൻകൂറായി ഇൻസെന്റീവ് നൽകുമെന്നും ഇതിനോടൊപ്പം 5 വർഷത്തെ സൗജന്യ മെയിന്റനൻസ് ഗ്യാരന്റി ഉറപ്പുനൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

