നാലുപാടും കലങ്ങിയൊഴുകുന്ന വെള്ളത്തിലേക്ക് നോക്കുമ്പോൾ മനസ്സ് കലുഷിതമാകുമെങ്കിലും, മറ്റ് വഴികളില്ലാത്തതിനാൽ 78 ജീവനുകൾ ആ വെള്ളത്തിനു നടുവിലെ സ്കൂൾ കെട്ടിടത്തിൽ അന്തിയുറങ്ങുകയാണ്. തിരുവല്ല നഗരസഭയിലെ 26-ാം വാർഡ് കിഴക്കുംമുറിയിലെ എസ്കെവി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണു വെള്ളപ്പൊക്കത്തിൽനിന്നു രക്ഷതേടി എത്തിയവർ ദുരിതത്തിലായത്.
മണിമലയാറിന്റെ കൈവഴിയിൽനിന്നു പ്രദേശത്തേക്ക് വെള്ളം ഇരച്ചെത്തിയപ്പോഴാണു ഞായറാഴ്ച മുതൽ ഇവിടെ ക്യാംപ് ആരംഭിച്ചത്. തുടർന്ന് ക്യാംപിലെ പടിക്കെട്ടിനു മുകളിൽ വരെ വെള്ളമെത്തി.
ഒരടി കൂടി ഉയർന്നാൽ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം കയറുമെന്ന ആശങ്കയാണു ക്യാംപിലെ സ്ത്രീകൾ പങ്കുവയ്ക്കുന്നത്. 15 കുട്ടികളും 60 വയസ്സിനു മുകളിൽ പ്രായമുള്ള 7 പേരും ഉൾപ്പെടെയാണു ക്യാംപിലുള്ളത്.
ആകെ 19 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. മറ്റ് ക്യാംപുകളിൽ ആളുകൾ ഉള്ളതിനാൽ അവിടേക്കു മാറാനാകുന്നില്ല.
തിരുവല്ല കാവുംഭാഗം ടിബിഎച്ച്എസ്എസിലെ ക്യാംപ്പിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ളവരെ തിരുവല്ല എംജിഎം സ്കൂളിലേക്കു മാറ്റിയിരുന്നു. എസ്കെവി എൽപിഎസ് വെള്ളത്തിലായതോടെ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ അരിയും പച്ചക്കറികളും ഉൾപ്പെടെയുള്ളവ തലച്ചുമടായാണു ക്യാംപിൽ എത്തിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിലേക്കായി മൂന്നു വള്ളങ്ങളും ഒരു പിക്കപ് വാനും സജ്ജമാക്കിയാണു ക്യാംപ് പ്രവർത്തിപ്പിക്കുന്നതെന്നു വാർഡ് കൗൺസിലർ ത്രിലോക് നാഥ് വ്യക്തമാക്കുന്നു. 2018നു ശേഷം പ്രദേശത്തു വെള്ളക്കെട്ട് പതിവാണ്.
കയറുന്ന വെള്ളം പതിയെ മാത്രമാണു തിരികെയിറങ്ങുന്നതും. സമീപത്തെ തോട്ടിൽ 2018ലെ പ്രളയത്തോടെ ചെളിയും എക്കലും അടിഞ്ഞതാണു തുടർച്ചയായ വെള്ളപ്പൊക്കത്തിനു കാരണം.
മുൻപ് 6 മീറ്ററിലേറെ ആഴമുണ്ടായിരുന്ന തോട് ഇപ്പോൾ നികന്ന സ്ഥിതിയാണ്. ഈ മണ്ണ് നീക്കിയില്ലെങ്കിൽ വീണ്ടും വെള്ളപ്പൊക്കമെത്തുന്ന ആശങ്കയിലാണു ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

