യൂറോപ്യൻ രാജ്യങ്ങളിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗം ആഗോള വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. റെക്കോർഡ് ചൂടിൽ നട്ടംതിരിയുന്ന യൂറോപ്പിൽ, തണുപ്പിക്കാനുള്ള സംവിധാനങ്ങൾക്കായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ അതിന്റെ സാമ്പത്തിക നേട്ടം മുഴുവൻ സ്വന്തമാക്കുന്നത് ചൈനീസ് കമ്പനികളാണ്.
യൂറോമോണിറ്റർ ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്പിലെ എയർ കണ്ടീഷണർ വിപണിയുടെ 32 ശതമാനവും നിലവിൽ മൂന്ന് പ്രമുഖ ചൈനീസ് കമ്പനികളുടെ കൈപ്പിടിയിലാണ്.
ചൈനയും യൂറോപ്യൻ യൂണിയനും തമ്മിൽ വിവിധ വിഷയങ്ങളിൽ വ്യാപാര തർക്കങ്ങൾ നിലനിൽക്കെയാണ് ഈ വാണിജ്യ ആധിപത്യം എന്നത് ശ്രദ്ധേയമാണ്. വർധിച്ചുവരുന്ന ആവശ്യകത മുന്നിൽക്കണ്ട് തങ്ങളുടെ ഉൽപാദന ശേഷി ചൈനീസ് കമ്പനികൾ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.
ഹോം അപ്ലയൻസ് രംഗത്തെ പ്രമുഖരായ ‘മീഡിയ’, സെക്കൻഡിൽ ആറ് എസികൾ വരെ നിർമ്മിക്കാൻ ശേഷിയുള്ള പുതിയ ഓട്ടോമേറ്റഡ് സ്മാർട്ട് ഫാക്ടറി ഇതിനായി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ചൈനയിൽ നിന്ന് യൂറോപ്പിലേക്കുള്ള എസി കയറ്റുമതി 43.2 ശതമാനം വർധിച്ച് 376 കോടി ഡോളറിലെത്തി.
ഇതിൽ പോർട്ടബിൾ എസികൾക്കാണ് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്; ഇവയുടെ കയറ്റുമതിയിൽ 70 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതും, മിതമായ വിലയും, കുറഞ്ഞ വൈദ്യുതി ഉപഭോഗവുമാണ് ചൈനീസ് ഉൽപന്നങ്ങളെ യൂറോപ്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാക്കുന്നത്.
ജർമ്മനിയിൽ ഏത് സ്റ്റോറുകളിലാണ് ചൈനീസ് എസികൾ സ്റ്റോക്കുള്ളതെന്ന് കണ്ടെത്താൻ പ്രത്യേക ആപ്ലിക്കേഷനുകൾ വരെ വികസിപ്പിക്കേണ്ട സാഹചര്യമുണ്ടായി.
യൂറോപ്പിലെ വീടുകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ എസി സൗകര്യമുള്ളത്. ഇതും പെട്ടെന്നുണ്ടായ ഡിമാൻഡിന് കാരണമായിട്ടുണ്ട്.
എസിക്ക് പുറമെ കൈയിൽ കൊണ്ടുനടക്കാവുന്ന ഫാനുകൾക്കും ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൂളിങ് ഹാറ്റുകൾക്കും വിപണിയിൽ വൻ ഡിമാൻഡാണ്. ഇതിനിടെ, ഈ വിപണി അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യൻ കമ്പനികളും ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നാൽ യൂറോപ്യൻ യൂണിയന്റെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതും, ചൈനീസ്-കൊറിയൻ ഉൽപന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപന്നങ്ങളുടെ വില കൂടുതലാണെന്നതും കമ്പനികൾക്ക് വെല്ലുവിളിയാണ്. ഈ തടസ്സങ്ങൾ മറികടന്ന് അടുത്ത വർഷം മാത്രമേ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്പിലേക്ക് എസി കയറ്റുമതി ആരംഭിക്കാൻ കഴിയൂ എന്നാണ് നിലവിലെ വിലയിരുത്തലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

