കോട്ടയം തുറമുഖം കേന്ദ്രീകരിച്ചുള്ള ചരക്കുനീക്കം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ബാർജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മരടിൽ ആരംഭിച്ചു. ബാക്ക് വാട്ടർ നാവിഗേഷൻ കമ്പനിയുടെ നേതൃത്വത്തിൽ 8.5 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാർജ് നിർമ്മിക്കുന്നത്.
അടുത്ത വർഷം ആദ്യ പകുതിയോടെ ഈ ബാർജ് കോട്ടയത്ത് എത്തിക്കാനാണ് പദ്ധതിയിടുന്നത്. പ്രത്യേകതകൾ
നിർമ്മാണത്തിലിരിക്കുന്ന ബാർജിന് 56 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുണ്ട്.
ഇരട്ട ഹള്ളുകളോട് കൂടിയ ബാർജിന് 700 മെട്രിക് ടൺ ശേഷിയാണുള്ളത്.
മണിക്കൂറിൽ 6 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇതിൽ 40 അടിയുടെ 18 കണ്ടെയ്നറുകൾ ഒരേസമയം ഉൾക്കൊള്ളാനാകും. രണ്ട് എൻജിനുകളുള്ള ഈ സംവിധാനം വഴി വല്ലാർപാടം ടെർമിനലിൽ നിന്ന് 8 മണിക്കൂർ കൊണ്ട് കോട്ടയത്ത് ചരക്കുമായി എത്തിച്ചേരാനാകും.
1.8 മീറ്റർ ആഴമുള്ള ജലപാതകളിലൂടെയും സുഗമമായി സഞ്ചരിക്കാൻ ഈ ബാർജിന് സാധിക്കും. നിലവിൽ കോട്ടയം പോർട്ടിനുള്ള ചെറിയ ബാർജിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും, കൂടുതൽ ചരക്കുകൾ കൈകാര്യം ചെയ്യാനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.
വികസന സാധ്യതകളും വെല്ലുവിളികളും
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം പൂർണ്ണതോതിലാകുമ്പോൾ കോട്ടയം പോർട്ടിന്റെ സാധ്യതകൾ വർദ്ധിക്കും. നിലവിൽ കസ്റ്റംസ് സംവിധാനത്തിൽ വിപുലമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
എന്നാൽ, വലിയ ബാർജുകൾക്ക് വിഴിഞ്ഞവുമായി ബന്ധപ്പെടാൻ തണ്ണീർമുക്കം ബണ്ടിലെ ലോക്ക് സംവിധാനം അടിയന്തരമായി തുറക്കേണ്ടതുണ്ട്. 14.75 മീറ്റർ വീതിയും 61 മീറ്റർ നീളവുമുള്ള ഈ ലോക്ക് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നതിന് ബണ്ടിന് മുന്നിലുള്ള പാറക്കെട്ടുകൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.
പോർട്ടിന്റെ പ്രവർത്തനങ്ങളിലെ മറ്റൊരു പരിമിതി ക്രെയിനുകളുടെ അഭാവമാണ്. നിലവിൽ സ്വന്തമായി ക്രെയിൻ സൗകര്യം ഇല്ലാത്തത് തിരിച്ചടിയാണെന്ന് പോർട്ട് എംഡി ഏബ്രഹാം വർഗീസ് വ്യക്തമാക്കി.
ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ ക്രെയിനുകൾ ലഭ്യമാക്കുന്നതിനായി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ജലപാത 9-നോട് ചേർന്നുകിടക്കുന്ന കോട്ടയം പോർട്ട്, കൊല്ലം-കോട്ടപ്പുറം പാതയുമായി ബന്ധിപ്പിക്കാവുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

