തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അമിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗികളെ തറയിൽ കിടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ആശുപത്രി മേധാവികൾ എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
മെഡിക്കൽ കോളജിലെ തിരക്ക് ഏറിയ ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് രോഗികളെ ഇനി മുതൽ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റും. ഏകദേശം അഞ്ഞൂറോളം കിടക്കകൾ ലഭ്യമായ പുലയനാർകോട്ട
ആശുപത്രിയിൽ പകർച്ചപ്പനി ബാധിച്ചവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാകും. മഴക്കാലത്ത് പകർച്ചപ്പനി കേസുകൾ വർധിക്കുമ്പോൾ രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണം.
അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മന്ത്രി നിർദേശിച്ചു. ആശുപത്രിയിൽ അടിയന്തരമായി കന്റീൻ സൗകര്യം ഉറപ്പാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിലെ മാസ്റ്റർപ്ലാൻ പ്രവൃത്തികൾ നിലവിൽ ഇഴഞ്ഞുനീങ്ങുന്നതായി യോഗത്തിൽ വിമർശനം ഉയർന്നു. നിലവിലെ എസ്പിവി ഏജൻസിയെ മാറ്റി, പ്രവൃത്തിപരിചയമുള്ള പുതിയ ഏജൻസിയെ ചുമതലപ്പെടുത്തി മാസ്റ്റർപ്ലാൻ നടപടികൾ വേഗത്തിലാക്കാൻ തീരുമാനമായി.
കൂടാതെ, ജനറൽ ആശുപത്രിയിലെ ബ്ലോക്കുകളിൽ റാംപ് സൗകര്യം ഏർപ്പെടുത്തുന്നതിനും കെട്ടിടത്തിലെ ചോർച്ച പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി വേഗത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം 24 മണിക്കൂറും സജ്ജമാക്കി മെഡിക്കൽ കോളജിലെ രോഗികളുടെ എണ്ണം കുറയ്ക്കാനും യോഗത്തിൽ ധാരണയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

