അരൂർ ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. അരൂർ കെൽട്രോൺ കവലയ്ക്ക് തെക്ക് വശത്തുള്ള പഴം, പച്ചക്കറി ഗോഡൗണിലേക്ക് സാധനങ്ങളുമായി എത്തിയ ലോറിയാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. തെക്ക് ഭാഗത്ത് നിന്നും എത്തിയ ലോറി ഗോഡൗണിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ ഉയരപ്പാതയുടെ ഭാഗമായി നിർമിച്ച കാനയിൽ കുടുങ്ങുകയായിരുന്നു.
ലോറിയുടെ മുൻഭാഗം കാനയിൽ ഉറച്ചുപോയപ്പോൾ പിൻഭാഗം മീഡിയനിലും തട്ടി നിന്നു. ഇതോടെ മുന്നോട്ടോ പിന്നോട്ടോ ചലിക്കാൻ കഴിയാത്ത അവസ്ഥയിൽ വാഹനം റോഡിന് കുറുകെ കിടന്നത് ദേശീയപാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി.
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, അരൂർ പെട്രോൾ പമ്പിന് മുന്നിലുള്ള മീഡിയൻ ഗ്യാപ് വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറിയുടെ പിൻഭാഗം ഉയർത്തി മാറ്റിയാണ് വാഹനം ഗോഡൗണിലേക്ക് മാറ്റിയത്.
ദേശീയപാതയോരത്ത് അശാസ്ത്രീയമായി നിർമിച്ച കാനകൾ സ്ഥിരമായി അപകട ഭീഷണിയുയർത്തുന്നതായി പരാതി ഉയരുന്നുണ്ട്.
വെള്ളിയാഴ്ച എരമല്ലൂരിലെ പെട്രോൾ പമ്പിന് മുന്നിലും സമാനമായ രീതിയിൽ ലോറി കാനയിൽ കുടുങ്ങിയിരുന്നു. കൂടാതെ, ദിവസങ്ങൾക്ക് മുൻപ് അരൂർ പെട്രോൾ പമ്പിന് സമീപവും സമാന സംഭവം ഉണ്ടായതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

