സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തി. ജൂൺ 6, 7 തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഈ നടപടി.
ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിടും. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ, വിലങ്ങാട് മേഖലയിൽ താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മോശം കാലാവസ്ഥയെത്തുടർന്ന് വടക്കൻ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്.
സംസ്ഥാനത്തുണ്ടായ മഴക്കെടുതികളിൽ ഇന്ന് രണ്ട് പേർ മരണപ്പെട്ടു. കൊടുങ്ങല്ലൂരിൽ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നിമറിഞ്ഞ് ചികിത്സയിലായിരുന്ന വയോധികയുമാണ് മരണപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

