തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കൂട്ടരാജി. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കരു നാഗരാജൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ രാജി പ്രഖ്യാപിച്ചു.
ഏകദേശം 15 ഓളം ഭാരവാഹികളാണ് നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചത്. ദില്ലിയിൽ നിന്നും ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ കെ അണ്ണാമലൈയെ സ്വീകരിക്കാൻ കരു നാഗരാജൻ എത്തിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് നൽകിയ കത്തിൽ, “വളരെയധികം ചിന്തിച്ചെടുത്ത ഈ തീരുമാനം ഏറെ സങ്കടത്തോടെയാണ് ഞാൻ അറിയിക്കുന്നത്” എന്ന് സുമതി വെങ്കടേഷ് വ്യക്തമാക്കി. “പാർട്ടിയെ സേവിക്കാൻ സാധിച്ചത് വലിയ അഭിമാനമായും ഭാഗ്യമായും കരുതുന്നു” എന്നും ബിജെപി മുറുകെ പിടിക്കുന്ന മൂല്യങ്ങൾ തന്റെ യാത്രയിൽ ഉടനീളം വഴികാട്ടിയായിരുന്നുവെന്നും അത് തുടരുമെന്നും അവർ കത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, കെ അണ്ണാമലൈയുടെ രാജിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനുള്ളത്. “ആദ്യ പരിഗണന പാർട്ടിക്കാണ്.
ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്” എന്ന് നൈനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. “ബിജെപി പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ പാർട്ടിയാണ്.
അണ്ണാമലൈ പാർട്ടി വിട്ടതുകൊണ്ട് ബിജെപിക്ക് ഒരു നഷ്ടവുമില്ല” എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെ അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്സ്’ (We The Leaders) എന്ന പ്രസ്ഥാനത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചെന്നൈ വിമാനത്താവളത്തിൽ അദ്ദേഹത്തിന് അനുയായികൾ വൻ സ്വീകരണം നൽകി. പുതിയ മൂവ്മെന്റിൽ വളണ്ടിയറായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനോടകം എട്ട് ലക്ഷം പിന്നിട്ടതായാണ് റിപ്പോർട്ടുകൾ.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയ വഴിയാണ് പാർട്ടി വിടുന്നതായും പുതിയ നീക്കം ആരംഭിക്കുന്നതായും കെ അണ്ണാമലൈ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

