തിരുവനന്തപുരം കോർപറേഷനിലെ പൂജപ്പുര വാർഡിൽ ഉൾപ്പെട്ട കൈലാസ് നഗർ റോഡ് (സ്ട്രീറ്റ് നമ്പർ 9) മാസങ്ങളായി അതീവ ശോചനീയാവസ്ഥയിലെന്ന് പരാതി.
കഴിഞ്ഞ ഒരു വർഷമായി ഈ പാത പൂർണ്ണമായും തകർന്നു കിടക്കുകയാണ്. അന്തരിച്ച പ്രശസ്ത നടൻ പൂജപ്പുര രവിയുടെ വസതിയിലേക്കുള്ള പ്രധാന പാത കൂടിയാണിത്.
ഈ പ്രദേശത്തെ മറ്റിടങ്ങളിലെ റോഡുകൾ ടാറിംഗ് നടത്തി നവീകരിച്ചെങ്കിലും, ഈ പാതയോട് മാത്രം അധികൃതർ അവഗണന കാണിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്നു കിടക്കുന്നതിനാൽ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിലവിൽ ഈ വഴി ഉപയോഗിക്കുന്നത്. വട്ടവിള, ചെങ്കള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാട്ടുകാർ ആശ്രയിക്കുന്ന പ്രധാന വഴി കൂടിയാണിത്.
റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
വരാനിരിക്കുന്ന മഴക്കാലത്ത് റോഡിന്റെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ പാത അടിയന്തരമായി ടാർ ചെയ്യണമെന്നും, അന്തരിച്ച നടന്റെ സ്മരണാർത്ഥം ഈ വഴിക്ക് പൂജപ്പുര രവി റോഡ് എന്ന് നാമകരണം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

