കൊച്ചിയിലെ ചിലവന്നൂർ പൊന്നേത്ത് സൗത്ത് റോഡിൽ വീട് ജപ്തി ചെയ്യുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരിക്ക് പരിക്ക്. കോടതി ഉത്തരവ് നടപ്പിലാക്കാൻ എത്തിയ ആമീനും സംഘത്തിനും സുരക്ഷയൊരുക്കാൻ എത്തിയ സിപിഒ താഹിറയെയാണ് വീട്ടുടമസ്ഥനായ ഷാജിയുടെ ഭാര്യ ബിന്ദു കടിച്ച് പരുക്കേൽപ്പിച്ചത്.
സംഭവത്തെ തുടർന്ന് സൗത്ത് പൊലീസ് ബിന്ദുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ ആമീനും ഉദ്യോഗസ്ഥരും എത്തിയെങ്കിലും വീട്ടുകാർ കടുത്ത പ്രതിഷേധവുമായി തടയുകയായിരുന്നു.
ഇവരെ നിയന്ത്രിച്ച് നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ബിന്ദു പൊലീസുകാരിയുടെ കൈയിൽ കടിച്ചത്. പരിക്കേറ്റ സിപിഒ താഹിറ ആശുപത്രിയിൽ ചികിത്സ തേടി.
ഈ സാഹചര്യത്തിൽ ഇന്നലെ ജപ്തി നടപടികൾ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായി. തുടർന്ന് കെട്ടിടത്തിലേക്കുള്ള വൈദ്യുതി, ജലവിതരണം എന്നിവ വിച്ഛേദിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
സൗത്ത് പൊലീസിന് പുറമെ എറണാകുളം സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള സേനയും, എആർ ക്യാമ്പിൽ നിന്നുള്ള പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. നിലവിൽ ഷാജിയും ബിന്ദുവും അവരുടെ രണ്ട് ആൺമക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

