കണ്ടെയ്നർ പുറത്തെടുക്കും, മീനും വെള്ളവും പരിശോധിച്ചു, മുൻഗണന 3 കാര്യങ്ങൾക്ക്: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം ∙ മുങ്ങിയ കപ്പലിലെ 13 കണ്ടയ്നറുകൾ ഉയർത്തുന്നതിനാണ് ആദ്യ പരിഗണന എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘‘13 കണ്ടെയ്നറുകളിലാണ് പ്രശ്നമുള്ളത്.
അവ എടുത്തു മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇതിനായി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
നിശ്ചിത വേളകളിൽ സർക്കാർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്’’– സജി ചെറിയാൻ പറഞ്ഞു.
Also Read
മുങ്ങിയ കണ്ടെയ്നറിൽ എന്തൊക്കെയാണ് ഉള്ളതെന്നതിലെ അവ്യക്തത ഇന്നാണ് നീങ്ങിയത്.
കപ്പലിലുള്ള വസ്തുക്കളുടെ പൂർണ പട്ടിക മനോരമ ഓൺലൈൻ ഇന്നു രാവിലെ പുറത്തു വിട്ടിരുന്നു. ഈ വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
കപ്പൽ ഉടമകൾ കസ്റ്റംസിന് നൽകിയ റിപ്പോർട്ടിലാണ് കപ്പലിലുള്ള വസ്തുക്കളുടെ പൂർണ വിവരം പുറത്തു വന്നത്. 13 കണ്ടയ്നറുകളിൽ കാൽസ്യം കാർബൈഡ് ആണുള്ളത്.
ഇതാണ് ആശങ്കയ്ക്ക് കാരണം.
Also Read
‘‘കാൽസ്യം കാർബൈഡ് ചോരില്ലെന്നാണ് കപ്പൽ ഉടമകൾ ഉറപ്പു തന്നിട്ടുള്ളത്. അത്രയും സുരക്ഷിതമായാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് അവരുടെ വാദം.
എന്നാൽ കണ്ടെയ്നർ ചോർന്നാൽ ഇതു എന്തു ചെയ്യുമെന്നതാണ് പ്രശ്നം. ഇക്കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു.
അങ്ങനെ വന്നാൽ അടിയന്തിര നടപടികൾ സ്വീകരിക്കും. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല വെള്ളത്തിൽ ചോർന്നിട്ടുണ്ടോ എന്നറിയുന്നതിന് ഫിഷറീസ് സർവകലാശാലയിലെ ശാസ്ത്ര സംഘം വെള്ളവും മീനും പരിശോധിക്കുന്നുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളിൽ അപകടകരമായ ഒന്നും കണ്ടെത്തിയിട്ടില്ല.
പരിശോധന തുടരും. മൂന്നാമത്തെ പ്രശ്നം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടോയെന്നാണ്.
ഇതു സംബന്ധിച്ചും പ്രാഥമിക പരിശോധനകൾ നടക്കുന്നു. പരിശോധനയിൽ അപകടകരമായ എന്തെങ്കിലും കണ്ടെത്തിയാൽ നടപടി എടുക്കും’’– സജി ചെറിയാൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

