തെക്കൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ പ്രവിശ്യയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഈ പ്രകൃതിദുരന്തത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് അതീവ ജാഗ്രത നിർദേശവും സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരദേശമേഖലകളിൽ താമസിക്കുന്ന ജനങ്ങളോട് എത്രയും പെട്ടെന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാനും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻതന്നെ വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്. ജപ്പാന്റെ തെക്കൻ മേഖലയിലുള്ള കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുകുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകൾക്കാണ് ജപ്പാൻ ഭരണകൂടം അടിയന്തര ഭൂകമ്പ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിനുമുമ്പ് ജൂൺ 25ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നെങ്കിലും അന്ന് വലിയ ജീവനാശമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യത നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായ ജപ്പാനിലാണ് ആഗോളതലത്തിൽ നടക്കുന്ന ഭൂകമ്പങ്ങളുടെ ഏകദേശം 18 ശതമാനവും സംഭവിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

