ആലുവയിലെ മാർത്താണ്ഡവർമ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) ഔദ്യോഗിക അനുമതിക്കായുള്ള കാത്തിരിപ്പിലാണ് കരാർ കമ്പനി ജീവനക്കാർ.
പാലത്തിന്റെ അടിഭാഗത്തുള്ള ബെയറിങ്ങുകളിൽ ഗ്രീസ് ഇടുന്ന പ്രവൃത്തികൾ പൂർത്തിയാക്കി. ഇതിനുപുറമേ, പാലത്തിന്റെ വശങ്ങളിലും തൂണുകളിലും വളർന്നുനിൽന്നിരുന്ന പാഴ്ച്ചെടികൾ പൂർണ്ണമായി വെട്ടിനീക്കുകയും ചെയ്തു.
പ്രഷർ പമ്പ് ഉപയോഗിച്ച് പാലം കഴുകി വൃത്തിയാക്കുന്ന ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. എൻഎച്ച്എഐ അധികൃതരിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏതു നിമിഷവും പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സജ്ജമാണെന്ന് എൻജിനീയർമാർ വ്യക്തമാക്കി.
പാലത്തിലേക്കുള്ള പ്രവേശനം തടയാനായി സ്ഥാപിച്ചിട്ടുള്ള വീപ്പകളും ട്രാഫിക് കോണുകളും നീക്കം ചെയ്യുക എന്നത് മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനിടെ, പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച ‘എപ്പോക്സി ബോണ്ടിങ് ഏജന്റ്’ അടങ്ങിയ ബാഗുകൾ ജിഎസ്ടി നമ്പർ വ്യത്യാസമുള്ളതിന്റെ പേരിൽ തൃശൂരിൽ വെച്ച് ജിഎസ്ടി ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് കരാർ കമ്പനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കുറിയർ ഓഫിസിലാണ് ഈ ബാഗുകൾ തടഞ്ഞുവെച്ചത്. ഇവ വിട്ടുകിട്ടുന്നതിനായി പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
തുടർന്ന്, ശനിയാഴ്ച ദേശത്ത് പറമ്പയം പാലത്തിന്റെ അറ്റകുറ്റപ്പണി വിലയിരുത്താൻ എത്തിയ അൻവർ സാദത്ത് എംഎൽഎ ഈ വിഷയം അറിയുകയും ജിഎസ്ടി ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയോടെ ബാഗുകൾ നിരുപാധികം വിട്ടുനൽകി.
ആവശ്യമായ സാധനങ്ങൾ സമയത്ത് ലഭിച്ചില്ലെങ്കിൽ നിർമ്മാണ ജോലികൾ നിർത്തിവെച്ച് മടങ്ങാൻ കരാറുകാർ തീരുമാനിച്ചിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ജനങ്ങളുടെ യാത്രാദുരിതം വീണ്ടും നീളാൻ ഇടയാക്കുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

