തന്റെ ജീവിതത്തിലെ ഇരുണ്ട നാളുകളെക്കുറിച്ചും മാരകമായ ലഹരിയിൽ നിന്ന് സ്വയം തിരിച്ചുകയറിയതിനെക്കുറിച്ചും ഒരു വ്യക്തി തുറന്നുപറയുന്നു.
സ്വന്തം പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടുന്നില്ലെങ്കിലും, തന്റെ പേരിനേക്കാൾ പ്രസക്തം ഈ ജീവിതയാത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വർഷങ്ങളോളം ബ്രൗൺ ഷുഗർ ലഹരിക്ക് അടിമയായിരുന്നു അദ്ദേഹം.
ദിവസവും ആറുവട്ടം വരെ സ്വയം ലഹരി കുത്തിവച്ച് ജീവിതം നശിപ്പിച്ച ആ കാലഘട്ടത്തിൽ, ലഹരിക്ക് വേണ്ടി 40 ദിവസം മാത്രം പ്രായമുള്ള സഹോദരിയുടെ ആഭരണം പോലും മോഷ്ടിച്ച് നാടുവിട്ടു. വെറും 44 കിലോഗ്രാം മാത്രം ഭാരമുള്ള ദുർബലമായ ശരീരവുമായി മൂന്നുവട്ടം മരണത്തെ മുഖാമുഖം കണ്ടു.
വീടിനടുത്തുള്ള വഴിയോരത്ത് തമ്പടിച്ചിരുന്ന ചില ചെറുപ്പക്കാരുടെ കൂട്ടത്തിൽ ചേർന്നതാണ് ജീവിതത്തിന്റെ വഴിതിരിവായത്. 11–ാം വയസ്സിൽ സ്കൂളിൽ പോക്ക് നിന്നു.
സ്കൂളിൽ പോകുന്നു എന്ന വ്യാജേന ഇറങ്ങി ഇവരുടെ കൂടെ സിഗരറ്റ് വലിച്ചു നടന്നു. 13 വയസ്സായപ്പോൾ കൂട്ടത്തിൽ ഒരാൾ കഞ്ചാവ് ബീഡി നൽകി.
അതായിരുന്നു തുടക്കം. കഞ്ചാവ് വാങ്ങാനായി ചെറിയ തോതിൽ മോഷണം തുടങ്ങി.
അതു തികയാതെ വന്നപ്പോൾ കഞ്ചാവ് വില്പനയിലേക്കും തിരിഞ്ഞു. 16 വയസ്സായപ്പോൾ സുഹൃത്താണ് ആദ്യമായി ബ്രൗൺ ഷുഗർ ഉപയോഗിക്കാൻ നൽകുന്നത്.
അക്കാലത്ത് ഒരു ഗ്രാം ബ്രൗൺ ഷുഗറിന് ഒരു ഗ്രാം സ്വർണത്തിന്റെ വിലയുണ്ടായിരുന്നു. ദിവസവും ആറു തവണ വരെ കുത്തിവയ്ക്കേണ്ടി വന്നതോടെ കഞ്ചാവ് കച്ചവടം കൂട്ടേണ്ടി വന്നു.
ഇത് പൊലീസിന്റെ അന്വേഷണത്തിന് കാരണമായി. അറസ്റ്റ് വാറന്റ് എത്തിയതോടെ നാട്ടിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയായി.
അനുജത്തി ജനിച്ച സമയമായിരുന്നു അത്. കടുത്ത രക്തസ്രാവം മൂലം അമ്മയ്ക്ക് രക്തം നൽകാൻ രണ്ടുപേരെ കൂട്ടിക്കൊണ്ടുവരാൻ ആശുപത്രിയിൽ നിന്ന് പിതാവ് അയച്ചു.
എന്നാൽ ലഹരി ആസക്തി ഓർമയും വിവേചനബുദ്ധിയും പൂർണ്ണമായി നശിപ്പിച്ചിരുന്നു. ബ്രൗൺ ഷുഗർ ലഭിക്കുന്ന സ്ഥലത്തുപോയി അതു വാങ്ങി ഉപയോഗിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്.
അന്ന് നിസ്സഹായനായി പിതാവ് നോക്കിയ ആ നോട്ടം ഇനിയും മറന്നിട്ടില്ല. പൊലീസ് പിടികൂടുമെന്ന ഭയത്തിൽ സഹോദരി ജനിച്ചു നാൽപതാം ദിവസം കുഞ്ഞിന്റെ കഴുത്തിലെ മാല ഊരിയെടുത്ത് നാടുവിട്ടുപോവുകയായിരുന്നു.
തുടർന്ന് മുംബൈയിലെത്തി കുപ്പിയും പാട്ടയും പെറുക്കി ജീവിതം മുന്നോട്ടുനയിച്ചു. ശരീരഭാരം പകുതിയായി കുറഞ്ഞ് 44 കിലോയിലെത്തി.
മറ്റു മാർഗങ്ങളില്ലാതെ ഭിക്ഷാടനം തുടങ്ങി. കയ്യിലാകെ കുത്തിവയ്പ്പിന്റെ പാടുകളായിരുന്നു.
ദുർബലമായ ശരീരത്തെ മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിക്കുകയും മൂന്നുവട്ടം മരണത്തോട് അടുത്തുവരുകയും ചെയ്തു. ഒടുവിൽ മൂന്നാംവട്ടം മരണത്തെ അതിജീവിച്ച സമയത്ത്, അതായത് 2006 ജനുവരി 16ന് ‘നർക്കോട്ടിക്സ് അനോണിമസ്’ എന്ന കൂട്ടായ്മയുടെ പ്രവർത്തകർ അദ്ദേഹത്തെ തേടിയെത്തി.
ഒരേയൊരു ദിവസം ലഹരിയില്ലാതെ പിടിച്ചുനിൽക്കാൻ അവർ മാനസിക ബലം നൽകി. ലഹരിവിമോചന ചികിത്സയ്ക്ക് ശേഷം മുംബൈയിലെ ജിടി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉടുത്തിരുന്ന പൈജാമയും കുർത്തയും ഒരു തോർത്തും ഒരു സോപ്പും മാത്രമാണ് കൈവശം ഉണ്ടായിരുന്നത്.
ഫുട്പാത്തിൽ തോർത്ത് വിരിച്ചുറങ്ങിയ ആ നാളുകളിൽ കൂട്ടായ്മയിലെ ഒരു സന്നദ്ധ പ്രവർത്തകൻ പുതപ്പുമായി എത്തി. മറ്റൊരു ദിവസം മറ്റൊരു പ്രവർത്തകൻ 30 രൂപ ദിവസക്കൂലിക്ക് ചെറിയൊരു ജോലി വാഗ്ദാനം ചെയ്തു.
“ഇന്നത്തെ ദിവസം ലഹരിയില്ലാതെ കടന്നുപോകുക” എന്നതായിരുന്നു ഓരോ ദിവസത്തെയും മന്ത്രം. ഒറ്റയ്ക്കല്ലെന്ന തോന്നൽ മനസ്സിന് വലിയ ശക്തി നൽകി.
ലഹരി ഒഴിവാക്കി 30 ദിവസം തികഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും ആരോഗ്യം തിരികെ ലഭിക്കുന്നതായി തോന്നി. 90 ദിവസം വിജയകരമായി പിന്നിട്ടപ്പോൾ താനൊരു രോഗിയാണെന്ന് തിരിച്ചറിഞ്ഞു; ശരീരവും മനസ്സും ആത്മാവും ലഹരിക്ക് അടിമപ്പെട്ടുപോയ ഒരു രോഗി.
2006 ജനുവരി 16നു ശേഷം ഇന്നുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. ടെക്സ്റ്റൈൽ മേഖലയിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങി.
അത് വിജയകരമായി മുന്നോട്ടുപോകുന്നു. തന്റെ പൂർവകഥകൾ സത്യസന്ധമായി പങ്കുവെച്ചുകൊണ്ട് സ്നേഹനിധിയായ ഒരാളെ വിവാഹം കഴിച്ചു, ഇപ്പോൾ മൂന്നു മക്കളുമുണ്ട്.
സ്വന്തമായി വീട് വെച്ചു. അന്ന് മാല മോഷ്ടിച്ചെടുത്ത, 40 ദിവസം മാത്രം പ്രായമുണ്ടായിരുന്ന അനുജത്തിയെ ലോ കോളജിൽ അയച്ച് പഠിപ്പിക്കുന്നു.
ലഹരിക്കടിമയായ മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം വരുമാനത്തിന്റെ ഒരു പങ്ക് നീക്കിവെക്കുന്നു. കയ്യിൽ അഞ്ചു പൈസ പോലും ഇല്ലാതെ തെരുവിൽ തോർത്ത് വിരിച്ചു കിടന്ന കാലത്ത് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയവരോട് എങ്ങനെ ഈ കടം വീട്ടുമെന്ന് ചോദിച്ചപ്പോൾ അവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ഞങ്ങളോട് വീട്ടേണ്ട, നീ കടന്നുപോയ അവസ്ഥയിലൂടെ മറ്റാരെങ്കിലും കടന്നുപോകുന്നത് കണ്ടാല് അവരെ സഹായിക്കുക.” ആ വാക്കുകൾ ഇദ്ദേഹം ഇന്നും കൃത്യമായി പാലിക്കുന്നുണ്ട്.
ലഹരിക്കടിമയായി തകർന്നുപോയവരെ കൈപിടിച്ചുയർത്താൻ നർക്കോട്ടിക്സ് അനോണിമസ് ബ്ലസിങ് ഗ്രൂപ്പ് എന്ന കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. വർഷങ്ങളോളം ലഹരി ഉപയോഗിക്കുകയും ജയിൽവാസം, ആശുപത്രിവാസം, ഒറ്റപ്പെടൽ തുടങ്ങിയ ദുരിതങ്ങളിലൂടെ കടന്നുപോകുകയും ചെയ്ത നിരവധി പേരാണ് ഈ കൂട്ടായ്മയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ദിവസവും ഓൺലൈൻ മീറ്റിങ്ങുകൾ ഉൾപ്പെടെ നടത്തി ലഹരി വിമോചന പ്രവർത്തനങ്ങൾ തുടരുന്നു. സഹായത്തിനായി ബന്ധപ്പെടേണ്ട
ഹെൽപ്ലൈൻ നമ്പർ: 8714466814.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

