നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിൽ, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായി റിപ്പോർട്ട്.
പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എപിടി–36 (APT-36) എന്ന ഹാക്കിങ് സംഘമാണ് ഈ ഗൂഢനീക്കത്തിന് പിന്നിലെന്ന് കൊച്ചി ആസ്ഥാനമായ സൈബർ ഇന്റലിജൻസ് കമ്പനിയായ ഫാൽക്കൺ ഫീഡ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തട്ടിപ്പ് രീതി
പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ, ഉത്തരക്കടലാസുകൾ, കോടതി വിവരങ്ങൾ എന്നിവ അടങ്ങിയതാണെന്ന വ്യാജേന ‘നീറ്റ് –യുജി പേപ്പർ ലീക്ക് ലീഗൽ ഡോക്യുമെന്റ്സ്’ എന്ന പേരിലുള്ള സിപ്പ് ആർക്കൈവ് ഫയലുകൾ ഇ-മെയിൽ വഴിയും വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്.
വെബ്സൈറ്റുകളിലും ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്യുന്നുണ്ട്. ആകാംക്ഷയോടെ ഈ ഫയലുകൾ തുറക്കുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ ‘സ്റ്റെൽത് സെർവർ’ എന്നറിയപ്പെടുന്ന അപകടകരമായ മാൽവെയർ സിസ്റ്റത്തിലേക്ക് കടന്നുകയറും.
വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആയിരക്കണക്കിന് കംപ്യൂട്ടറുകളെ ഒരേസമയം ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും. വിവരങ്ങൾ ചോർത്തുന്ന വിധം
ഒരിക്കൽ സിസ്റ്റത്തിൽ പ്രവേശിച്ചാൽ, ഉപയോക്താവിന്റെ ഐപി അഡ്രസ്, നെറ്റ്വർക്ക് വിവരങ്ങൾ, പാസ്വേഡുകൾ, സ്വകാര്യ രേഖകൾ, ജിയോ ലൊക്കേഷൻ എന്നിവ ഹാക്കർമാർക്ക് സ്വന്തമാക്കാം.
വെബ്-സോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിസ്റ്റം ഉടമയുടെ എല്ലാ പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും കുറ്റവാളികൾക്ക് സാധിക്കും. സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് വിശ്വാസ്യത വർധിപ്പിക്കാനുള്ള തന്ത്രങ്ങളും ഇവർ പയറ്റുന്നു.
ജാഗ്രത പാലിക്കാൻ നിർദ്ദേശം
അപരിചിതമായ സ്രോതസ്സുകളിൽ നിന്ന് വരുന്ന ഫയലുകൾ തുറക്കരുതെന്ന് ഫാൽക്കൺ ഫീഡ്സ് സിഇഒ നന്ദകിഷോർ ഹരികുമാർ, ഗവേഷക കാർത്തിക സന്തോഷ് കുമാർ എന്നിവർ മുന്നറിയിപ്പ് നൽകുന്നു. പാസ്വേഡുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുന്നതിനും ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്റ്റ്വെയർ എന്നിവ എപ്പോഴും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കണം.
സൈബർ ആക്രമണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നീറ്റ് അധികൃതർക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുമെന്ന് കമ്പനി അറിയിച്ചു. എപിടി–36 (APT-36) – പശ്ചാത്തലം
‘ട്രാൻസ്പെരന്റ് ട്രൈബ്’ എന്ന പേരിലും അറിയപ്പെടുന്ന ഈ ഹാക്കിങ് സംഘം വർഷങ്ങളായി ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങൾക്കും സൈനിക-പ്രതിരോധ സംവിധാനങ്ങൾക്കും നേരെ ആക്രമണം നടത്തിവരുന്നവരാണ്.
2016-ൽ സൗദിയിലെയും കസഖ്സ്ഥാനിലെയും ഇന്ത്യൻ എംബസികൾ ലക്ഷ്യമാക്കി ഇവർ മാൽവെയറുകൾ അയച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യത്തിന് എതിരെ ‘ഡെസ്ക്റാറ്റ്’ എന്ന മാൽവെയർ ഉപയോഗിച്ചതും ഇവരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

