ഗുജറാത്തിലെ രാജ്കോട്ടിൽ മദ്യപിച്ച് നിരന്തരം വഴക്കുണ്ടാക്കിയ മകനെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ്. റാം ബംഭാവ (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പിതാവ് ബാബു (അതുൽ ബംഭാവ – 47), മാതാവ് മനീഷ് (മോതി ബംഭാവ – 45) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 30-നാണ് സംഭവം നടന്നത്.
യുവാവ് ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് മരണകാരണം കൊലപാതകമാണെന്ന് വ്യക്തമായത്. ജൂൺ 29-ന് രാം ബംഭാവയും ഭാര്യ ബൻസിയും ബൻസിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
അവിടെ വെച്ച് മദ്യപിച്ച ശേഷം റാം ബൻസിയുടെ പിതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബൻസിയുടെ പിതാവ് റാമിൻ്റെ പിതാവിനെ വിവരമറിയിക്കുകയും യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു.
പിറ്റേദിവസം റാം ആസിഡ് കുടിച്ച് മരിച്ചുവെന്ന വിവരമാണ് ബൻസി അറിയുന്നത്. എന്നാൽ സംസ്കാര ചടങ്ങുകൾക്ക് ശേഷം റാമിൻ്റെ വീട്ടുകാർ നൽകിയ വിവരങ്ങൾ ബൻസിയിൽ സംശയമുണർത്തി.
മദ്യപിച്ച് വീട്ടിലെത്തിയ റാം പിതാവുമായി വാക്കുതർക്കത്തിലേർപ്പെട്ടുവെന്നും, ഇതിനിടെ മാതാവ് ബലംപ്രയോഗിച്ച് റാമിൻ്റെ വായിൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് പിതാവ് റാമിൻ്റെ വായ പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നും ബന്ധുക്കൾ സമ്മതിച്ചു.
ഇക്കാര്യം പുറത്തു പറയരുതെന്ന് ഇവർ ബൻസിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മരണത്തിൽ സംശയം തോന്നിയ പൊലീസ് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കുകയായിരുന്നു.
യുവാവിൻ്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ മരണകാരണം ആസിഡ് സേവനമല്ലെന്ന് ഉറപ്പിച്ചു. ബൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 2-ന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച ആസിഡ് കുപ്പിയും, പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, തെളിവുകളടങ്ങിയ ബെഡ്ഷീറ്റും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ അഞ്ച് മാസം മുൻപായിരുന്നു റാമിൻ്റെയും ബൻസിയുടെയും വിവാഹം.
ചായക്കട നടത്തിവരികയായിരുന്നു പിതാവ് ബാബു.
മദ്യപിച്ചെത്തി പിതാവുമായി വഴക്കിടുന്നത് റാമിൻ്റെ പതിവായിരുന്നുവെന്ന് ഭാര്യ ബൻസി മൊഴി നൽകി. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

