കുമരകം ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി ജലഗതാഗത വകുപ്പിന്റെ സോളാർ ബോട്ട് സർവീസിന് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സോളാർ ബോട്ട് മുഹമ്മയിൽ എത്തിക്കുകയും നിശ്ചിത റൂട്ടുകളിൽ ട്രയൽ റൺ പൂർത്തിയാക്കുകയും ചെയ്തു.
മുഹമ്മ– കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് എന്നീ റൂട്ടുകളിലാകും ആദ്യഘട്ടത്തിൽ സർവീസ് ക്രമീകരിക്കുന്നത്. നിലവിൽ ഈ റൂട്ടിൽ ഡീസൽ ബോട്ടുകളാണ് സർവീസ് നടത്തുന്നത്.
യാത്രാക്കാരുടെ കുറവ് കാരണം നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർവീസുകൾക്ക് ബദലായാണ് സോളാർ ബോട്ട് എത്തുന്നത്. നിലവിലുള്ള യാത്രാബോട്ടുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ടൂറിസ്റ്റുകൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാകും പ്രവർത്തനം.
30 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ ബോട്ടിലെ യാത്രാ നിരക്കും സർവീസ് ആരംഭിക്കുന്ന തീയതിയും സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭാവിയിൽ ചീപ്പുങ്കൽ കേന്ദ്രീകരിച്ച് പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്.
കൂടാതെ വാട്ടർ ടാക്സി സൗകര്യവും ലഭ്യമാക്കാൻ ആലോചനയുണ്ട്. മുഹമ്മയിൽ നിന്നും പാതിരാമണൽ ദ്വീപിലേക്ക് നിലവിൽ നടത്തിവരുന്ന സർവീസ് വലിയ വിജയമായതിനെ തുടർന്നാണ് പദ്ധതി വിപുലീകരിക്കുന്നത്.
അതേസമയം, ചില സാങ്കേതിക തടസ്സങ്ങളും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്. തണ്ണീർമുക്കം ബണ്ട് ഭാഗത്ത് ബോട്ട് ജെട്ടി നിർമ്മിക്കേണ്ടത് അനിവാര്യമാണ്.
കൂടാതെ, സോളാർ ബോട്ടിന്റെ മുകൾ ഭാഗത്തുള്ള ലൈറ്റ് ചീപ്പുങ്കൽ പാലത്തിൽ തട്ടുന്നത് സുരക്ഷാ പ്രശ്നമായി നിലനിൽക്കുന്നുണ്ട്. കുമരകത്ത് എത്തുന്ന സഞ്ചാരികൾ നിലവിൽ ഉയർന്ന നിരക്കിൽ സ്വകാര്യ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
സർക്കാർ തലത്തിൽ സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചിലവിൽ കായൽ ഭംഗി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

