കോഴിക്കോട് നഗരത്തിലെ പ്രധാന പാതയായ കെ.പി.കേശവമേനോൻ റോഡിൽ വർഷങ്ങളായി തുടർന്നുവന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുന്നു. മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും വാഹനയാത്രികർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതമായി മാറിയിരുന്നു.
ടൗൺ പൊലീസ് സ്റ്റേഷൻ, നഗരം വില്ലേജ് ഓഫിസ് പരിസരങ്ങളിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പ്രദേശത്തെ മഴവെള്ളം റെയിൽവേ നാലാം പ്ലാറ്റ്ഫോമിന് സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ട് വഴി ഫ്രാൻസിസ് റോഡ് കടന്ന് കല്ലായി പുഴയിലേക്ക് ഒഴുകിപ്പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നേരത്തെ കോർപറേഷൻ ആരോഗ്യ വിഭാഗം നേതൃത്വം നൽകി ഡ്രൈനേജുകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തെങ്കിലും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയത്.
കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവ്, ക്ലീൻ സിറ്റി മാനേജർ കെ.
ദിലീപ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, റെയിൽവേ അധികൃതർ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ സംയുക്തമായി സ്ഥലം സന്ദർശിച്ചു. റെയിൽവേ പാർസൽ ഓഫിസിന് സമീപമുള്ള ഡ്രൈനേജിന് മുകളിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ഓടയ്ക്കുള്ളിലേക്ക് വീണതും, അതിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് കണ്ടെത്തി.
തുടർന്ന് തകർന്ന സ്ലാബും മാലിന്യങ്ങളും പൂർണ്ണമായും നീക്കം ചെയ്തു. ഇതോടെ ഡ്രൈനേജിലെ ജലപ്രവാഹം സുഗമമായി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. റിഷാദ്, ബിജു ജയറാം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദിജിൽ, സുജിത്ത് പി.പി. എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

