സിഎംആർഎൽ (CMRL) കമ്പനിയുമായി ബന്ധപ്പെട്ട വിവാദ സാമ്പത്തിക ഇടപാടിൽ, എക്സാലോജിക് ഐടി സൊലൂഷൻസുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മറ്റൊരാൾക്ക് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സൂചന ലഭിച്ചു.
ടി.വീണയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുമ്പോഴും, സംഭവത്തിൽ ഇതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. ഈ വ്യക്തിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
കേസിൽ ടി.വീണ പ്രതിസ്ഥാനത്ത് തുടരുമെങ്കിലും, അവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുകൊണ്ട് മാത്രം അന്വേഷണത്തിൽ വലിയ പുരോഗതി ഉണ്ടാകില്ലെന്ന നിലപാടാണ് ഇഡിക്ക് ഉള്ളത്. അതിനാൽ, അറസ്റ്റ് ഒഴിവാക്കി നേരിട്ട് പിഎംഎൽഎ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് അഥവാ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതയാണ് നിലവിൽ തെളിയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിപ്പട്ടികയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലുകളിൽ ടി.വീണ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്.
കമ്പനി നൽകിയ സേവനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സാങ്കേതിക വിവരങ്ങൾ പോലും വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
കൂടാതെ, തനിക്കെതിരെയുള്ള ആരോപണങ്ങളെ ഖണ്ഡിക്കുന്ന തരത്തിലുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കാനും സാധിച്ചിട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.
എന്നാൽ, വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കണ്ടെത്തിയ രേഖകളും ഇഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും നിരത്തിയതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

