സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാന നിർദേശങ്ങളുമായി ധവളപത്രം പുറത്തിറങ്ങി. വി.ഡി.
സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനോ, ഓഹരി വിൽപന നടത്താനോ അല്ലെങ്കിൽ അടച്ചുപൂട്ടാനോ ഉള്ള ശുപാർശകളാണുള്ളത്. അതെസമയം, ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ തൊഴിലാളികളുടെ ഉപജീവനമാർഗവും താൽപ്പര്യങ്ങളും പൂർണമായി സംരക്ഷിക്കപ്പെടണമെന്ന് ധവളപത്രം അനുശാസിക്കുന്നു.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഭൂമി ഉൾപ്പെടെയുള്ള ആസ്തികൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഫലപ്രദമായി വിനിയോഗിക്കണമെന്നും നിർദേശമുണ്ട്. പൊതുമേഖലയുടെ സാമ്പത്തിക സ്ഥിതി
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണെങ്കിലും, സംസ്ഥാനത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും കൈക്കലാക്കിയിരിക്കുന്നത് കേവലം 5 സ്ഥാപനങ്ങൾ മാത്രമാണ്.
2021-22 സാമ്പത്തിക വർഷത്തിൽ 31,571 കോടി രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയോജിത നഷ്ടം, 2024-25 കാലയളവിൽ 78,851 കോടി രൂപയായി വർധിച്ചു. ഇതിൽ 72 ശതമാനം നഷ്ടവും കെഎസ്ആർടിസി, പെൻഷൻ കമ്പനി, ജല അതോറിറ്റി എന്നിവയുടെ പ്രവർത്തനഫലമാണ്.
നഷ്ടത്തിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ
2024-25 കാലയളവിലെ കണക്കുകൾ പ്രകാരം 1580.38 കോടി രൂപയുടെ നഷ്ടവുമായി കെഎസ്ആർടിസി തന്നെയാണ് പട്ടികയിൽ ഒന്നാമത്. പെൻഷൻ കമ്പനി (669.80 കോടി), ജല അതോറിറ്റി (317.64 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ.
കൂടാതെ, മലബാർ സിമന്റ്സ്, കശുവണ്ടി വികസന കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ, കേരള ഓട്ടോമൊബൈൽസ്, പിന്നാക്ക വികസന കോർപറേഷൻ തുടങ്ങിയവയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിക്ഷേപവും ആസ്തിമൂല്യവും
സർക്കാർ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളത് ജല അതോറിറ്റിയിലാണ് (35,508.38 കോടി രൂപ – 40.91%).
16,934.82 കോടിയുമായി കെഎസ്ആർടിസി രണ്ടാമതും, 10,483.82 കോടിയുമായി കെഎസ്ഇബി മൂന്നാമതുമാണ്. എന്നാൽ 2024-25 പ്രകാരം കെഎസ്ഇബിയുടെ അറ്റമൂല്യം നെഗറ്റീവ് 35,149.12 കോടിയാണ്.
കെഎസ്ആർടിസി (നെഗറ്റീവ് 19,820.63 കോടി), കശുവണ്ടി കോർപറേഷൻ (നെഗറ്റീവ് 1920.88 കോടി), സിവിൽ സപ്ലൈസ് കോർപറേഷൻ (നെഗറ്റീവ് 1195.24 കോടി) എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങളുടെ അവസ്ഥ. ലയനവും നയപരമായ മാറ്റങ്ങളും
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബവ്റിജസ് കോർപറേഷനുമായി ലയിപ്പിക്കണമെന്ന നിർദേശം ധവളപത്രത്തിലുണ്ട്.
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 5.07 ലക്ഷം കോടിയാണ്. ശമ്പള കുടിശികയായി 21,760 കോടിയും, ക്ഷാമബത്തയായി 14,387 കോടിയും, ബാങ്കുകൾക്കും കരാറുകാർക്കുമായി 3431 കോടിയും ഉൾപ്പെടെ 48,733 കോടി രൂപയുടെ ബാധ്യതകളാണ് നിലവിലുള്ളത്.
ചെലവുചുരുക്കലിനപ്പുറം ഐടി, എഐ, ഉന്നതവിദ്യാഭ്യാസം, റെയർ എർത്ത് തുടങ്ങിയ മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. കൂടാതെ വൈദ്യുതി മേഖലയിൽ സ്വകാര്യ പങ്കാളിത്തവും, കെ-ഫോണിന്റെ സ്വയംഭരണാധികാരമുള്ള വികസനവും നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

