പാകിസ്ഥാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ പാക് അധിനിവേശ കാശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് സംഘടിപ്പിച്ച ബഹുജന റാലിയിൽ എൺപതിനായിരത്തിലധികം പേരാണ് അണിനിരന്നത്.
ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവ് സർദാർ അമാൻ ഖാൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പാക് സൈന്യത്തിന്റെ ഭീകരവാദ അജണ്ടകളെയും ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ചു. പ്രദേശത്ത് അസ്ഥിരത വിതയ്ക്കാൻ ആയുധങ്ങൾ നൽകിയത് പാക് സൈന്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
“ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിട്ടത് പാക് സൈന്യമാണ്. കശ്മീരികൾക്ക് തോക്കുകൾ നൽകിയവർ തന്നെ ഇന്ന് ഞങ്ങളെ ഭീകരവാദികൾ എന്ന് വിളിക്കാൻ ധാർഷ്ട്യം കാണിക്കുകയാണ്” എന്ന് അമാൻ ഖാൻ പ്രസംഗത്തിൽ പറഞ്ഞു.
പ്രതിഷേധക്കാർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റാവലകോട്ടിൽ ജെയ്ഷെ മുഹമ്മദ് എന്ന സംഘടന നടത്തിയ പരിപാടിയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
എകെ-47 തോക്കുകളും വാളുകളുമായി ഭീകരർ നഗരത്തിലൂടെ മാർച്ച് നടത്തിയപ്പോൾ, റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണർ അതിന് അനുമതി നൽകുകയും സുരക്ഷയൊരുക്കുകയും ചെയ്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തോക്കുകളുമായി റാലി നടത്തിയവർക്ക് സംരക്ഷണം നൽകിയ ഉദ്യോഗസ്ഥരാണ്, ഇപ്പോൾ തങ്ങളെ ഭീകരരെന്നു വിളിക്കുന്നതെന്ന് അമാൻ ഖാൻ ചൂണ്ടിക്കാട്ടി.
സർക്കാർ മുന്നോട്ടുവെച്ച 38 ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിക്കണമെന്നും അദ്ദേഹം അന്ത്യശാസനം നൽകി. ആവശ്യങ്ങൾ നിരാകരിച്ചാൽ, പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പൂർണ്ണമായും പിന്മാറണമെന്നാവശ്യപ്പെട്ട് വലിയൊരു വിപ്ലവത്തിലേക്ക് സമരം വഴിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തങ്ങളുടെ പ്രദേശം ഇനി പാകിസ്ഥാന്റെ നിയന്ത്രണത്തിൽ അല്ലെന്ന് നേരത്തെ തന്നെ പ്രക്ഷോഭകർ വ്യക്തമാക്കിയിരുന്നു. പാക് അധിനിവേശ കാശ്മീർ പാകിസ്ഥാന്റെ ഭാഗമല്ലെന്ന് ഊന്നിപ്പറഞ്ഞ നേതാക്കൾ, ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും സൂചിപ്പിച്ചു.
പാക് അധിനിവേശ കാശ്മീരിന് പുറമെ, വിദേശ രാജ്യങ്ങളിലെ പാകിസ്ഥാൻ എംബസികൾക്ക് മുന്നിലും പ്രവാസികളായ കശ്മീരികൾ ശക്തമായ പ്രതിഷേധം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

