തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ രാത്രി മുതൽ കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്.
നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടാകും. കാറ്റിന്റെ വേഗത വർധിക്കാനും ശക്തമായ മഴയ്ക്കുമുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം തള്ളിക്കളയുന്നില്ല.
അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കേരളത്തിനൊപ്പം ലക്ഷദ്വീപ്, തമിഴ്നാട്, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.
പ്രകൃതിക്ഷോഭ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ളവർ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ക്യാംപുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് നിലവിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

