ഒമാൻ ഉൾക്കടൽ മേഖലയിൽ അമേരിക്കയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന യുദ്ധക്കപ്പൽ തങ്ങളുടെ നാവികസേന ലക്ഷ്യമിട്ടെന്ന വെളിപ്പെടുത്തലുമായി ഇറാൻ രംഗത്ത്. ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഈ വിവരം പുറത്തുവിട്ടത്.
തങ്ങളുടെ പ്രാദേശിക അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പലിന് നേരെയാണ് നടപടിയുണ്ടായതെന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങൾ അമേരിക്ക ലംഘിച്ചുവെന്നും, അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ ഇറാനിയൻ വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുന്നുവെന്നും ഇറാൻ ആരോപിക്കുന്നു.
ഈ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയാണ് തങ്ങൾ നടത്തിയതെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. എന്നാൽ, ഇറാന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അടിയന്തരമായി രംഗത്തെത്തി.
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നാവികസേനയുടെ കപ്പലിന് നേരെ ആക്രമണം നടന്നുവെന്നത് വസ്തുതാവിരുദ്ധമാണെന്നും, ഇറാൻ ലോകത്തിന് മുന്നിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും യുഎസ് സൈനിക വക്താക്കൾ അറിയിച്ചു. മേഖലയിൽ അമേരിക്കൻ സൈനിക സംവിധാനങ്ങളും കപ്പലുകളും സുരക്ഷിതമാണെന്നും, അവ തങ്ങളുടെ ദൗത്യങ്ങളുമായി യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു സംഭവവികാസം ഉണ്ടായിരിക്കുന്നത്. ഈ പരസ്പരവിരുദ്ധ പ്രസ്താവനകൾ മേഖലയിൽ വലിയ യുദ്ധഭീതി ഉയർത്തുന്നതിനൊപ്പം, അന്താരാഷ്ട്ര തലത്തിൽ ഗൗരവകരമായ നയതന്ത്ര ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

