യൂട്യൂബ് മ്യൂസിക് ആപ്പിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ആപ്പിന്റെ ‘നൗ പ്ലേയിംഗ്’ (Now Playing) ഇന്റർഫേസിൽ വരുത്തിയ പരിഷ്കാരങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പുതിയ സൗകര്യവും ഉപയോക്താക്കളിലേക്ക് എത്തുന്നത്.
ആൻഡ്രോയിഡ് പതിപ്പായ 9.21-ലും ഐഒഎസ് പതിപ്പായ 9.22-ലുമാണ് നിലവിൽ ഈ മാറ്റങ്ങൾ പരീക്ഷിച്ച് വരുന്നത്. നിലവിൽ ആപ്പിന്റെ മുകളിൽ വലത് വശത്തായി നൽകിയിരുന്ന സേർച്ച് ഐക്കൺ ഇനി മുതൽ താഴത്തെ ബാറിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം.
ഹോം, സാമ്പിൾസ്, എക്സ്പ്ലോർ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്ന ബോട്ടം ബാറിൽ ‘എക്സ്പ്ലോർ’ ഐക്കണിന് പകരമായാണ് സേർച്ച് ബട്ടൺ ഉൾപ്പെടുത്തുന്നത്. നേരത്തെ മുകളിൽ ഉണ്ടായിരുന്ന സേർച്ച് ഐക്കൺ മാറി അവിടെ ഇപ്പോൾ പ്രൊഫൈൽ ഐക്കൺ മാത്രമായിരിക്കും ഉണ്ടാവുക.
ഒറ്റ കൈ ഉപയോഗം കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെങ്കിലും, തിരയലിന് ശേഷം ഫലങ്ങൾ കാണുമ്പോൾ സ്ക്രീനിന്റെ മുകൾ ഭാഗത്തേക്ക് വീണ്ടും എത്തേണ്ടി വരുന്നത് ഉപയോക്താക്കൾക്ക് പരിമിതിയാകാൻ സാധ്യതയുണ്ട്. അതേസമയം, എക്സ്പ്ലോർ ഐക്കൺ മാറ്റിസ്ഥാപിച്ചെങ്കിലും സേർച്ച് ബട്ടണിനുള്ളിൽ തന്നെ ന്യൂ റിലീസസ്, ചാർട്ട്സ്, മൂഡ്സ് & ജെൻറസ്, പോഡ്കാസ്റ്റ് തുടങ്ങിയ വിഭാഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഘട്ടംഘട്ടമായാണ് ഈ അപ്ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും ഈ മാറ്റം ദൃശ്യമാകാൻ ഇനിയും സമയമെടുത്തേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

