മഹാരാഷ്ട്രയിലെ നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന ഔദ്യോഗിക ചടങ്ങുകൾക്കിടെ, ഹെലികോപ്റ്ററിന് മുന്നിൽ വെച്ച് പ്രതിശ്രുത വധുവിനോട് പ്രണയാഭ്യർത്ഥന നടത്തിയ കരസേനാ ഉദ്യോഗസ്ഥൻ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. സൈനിക പൈലറ്റാകാനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ക്യാപ്റ്റൻ ഭരത് ഭരദ്വാജിനെതിരെയാണ് സൈനിക ചട്ടങ്ങളും മര്യാദകളും ലംഘിച്ചുവെന്നാരോപിച്ച് നടപടികൾ സ്വീകരിക്കാൻ അധികൃതർ ആലോചിക്കുന്നത്.
ട്രെയിനി പൈലറ്റുമാരുടെ പരിശീലനം പൂർത്തിയായതിനെ തുടർന്ന് നടന്ന പാസിംഗ് ഔട്ട് പരേഡിനും കോൺവൊക്കേഷൻ ചടങ്ങിനും ശേഷമായിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, ഭരത് ഭരദ്വാജ് തന്റെ പ്രതിശ്രുത വധു ആരുഷിയെ സൈനിക ഹെലികോപ്റ്ററിന് അരികിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, തുടർന്ന് മുട്ടുകുത്തി നിന്ന് മോതിരം നൽകി പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു.
ആരുഷി ഈ നിർദ്ദേശം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുകയും, പലരും ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഔദ്യോഗിക സൈനിക ചടങ്ങുകൾ നടക്കുന്ന വേദിയും സുരക്ഷാ പ്രാധാന്യമുള്ള ഹെലികോപ്റ്ററും ഇത്തരമൊരു സ്വകാര്യ ആഘോഷത്തിനായി ഉപയോഗിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് സൈനിക നേതൃത്വം വിലയിരുത്തുന്നത്. ഈ വിഷയത്തിൽ കരസേനയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
എങ്കിലും, സൈനിക ചടങ്ങുകളിലെ അച്ചടക്കവും വ്യക്തിപരമായ ആഘോഷങ്ങളും തമ്മിലുള്ള അതിർവരമ്പുകളെ കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ ക്യാപ്റ്റൻ ഭരത് ഭരദ്വാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് അധികൃതരുടെ ആലോചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

