പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികൾ (പിഎസി) പൊതുപണത്തിന്റെ സംരക്ഷകരെന്ന നിലയിലുള്ള തങ്ങളുടെ ചുമതലകൾ കൂടുതൽ ഊർജ്ജിതപ്പെടുത്തണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുഖജനാവിൽ നിന്നും ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുകൾ ഉണ്ടാവേണ്ടതുണ്ടെന്നും, ഏത് ആവശ്യത്തിനാണോ ഫണ്ട് അനുവദിച്ചത് അതിനായി മാത്രം അത് പൂർണ്ണമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യതയും ഉത്തരവാദിത്തവുമെന്ന് വ്യക്തമാക്കിയ സ്പീക്കർ, സാധാരണക്കാരുടെ ജീവിതത്തിൽ പൊതുചെലവുകൾ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളാണ് യഥാർത്ഥ അളവുകോലെന്നും കൂട്ടിച്ചേർത്തു.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും എക്സിക്യൂട്ടീവിനെ ഉത്തരം പറയുന്നവരാക്കി മാറ്റുന്നതിനും പിഎസികൾ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. കണക്കുകളും ഓഡിറ്റ് കണ്ടെത്തലുകളും പരിശോധിക്കുന്നതിൽ മാത്രം ഈ സമിതികളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല.
പൊതുഫണ്ടുകൾ അവയുടെ യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിച്ചോ എന്നും, അനുവദിച്ച തുക പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയോ എന്നും സമിതികൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. എന്നാൽ ഓഡിറ്റ് പരാമർശങ്ങൾ പത്തോ പതിഞ്ചോ ചിലപ്പോൾ ഇരുപത് വർഷം വരെ തീർപ്പാകാതെ കിടക്കുന്നതിൽ അദ്ദേഹം ശക്തമായ ആശങ്ക രേഖപ്പെടുത്തി.
ഇത്തരത്തിലുള്ള കാലതാമസം ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, ലോക്സഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാൽ, കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കെ.എൻ.ബാലഗോപാൽ എന്നിവർ സന്നിഹിതരായി സംസാരിച്ചു.
ചടങ്ങിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതവും നന്ദിയും അറിയിച്ചു. വിവിധ സംസ്ഥാന നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്മാരും ജനപ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് ‘പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കോൺഫറൻസ് സുവനീർ 2026’ പ്രകാശനം ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

