തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ‘ന്റെ പ്രഥമ ഉപകേന്ദ്രം തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം നിർവഹിക്കും. നാളെ രാവിലെ 11 ന് വഴുതക്കാട് വിമൻസ് കോളേജിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അധ്യക്ഷത വഹിക്കും.
സമൂഹത്തിൽ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്കാരവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 300 ഉപകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായുള്ള വിപുലമായ പദ്ധതിയുടെ തുടക്കമാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും വിദ്യാർഥി ക്ഷേമവും ലക്ഷ്യമിട്ടുള്ള സുപ്രധാനമായ മൂന്ന് പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടപ്പിലാക്കും.
കോളജ് കാമ്പസുകളിൽ റാഗിങ് പൂർണ്ണമായി തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ വിഭാവനം ചെയ്ത ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ’ മൊബൈൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങിൽ വെച്ച് നടക്കും. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി ദാരുണമായി മരണപ്പെട്ട
ജെ എസ് സിദ്ധാർത്ഥൻ എന്ന വിദ്യാർഥിയുടെ സ്മരണാർത്ഥമാണ് ഈ ആപ്പിന് പ്രസ്തുത നാമകരണം നൽകിയിട്ടുള്ളത്. ഇതിനുപുറമെ, ‘സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ’യും ചടങ്ങിൽ പ്രകാശനം ചെയ്യും.
സി-ഡിറ്റുമായി ചേർന്ന് സംയുക്തമായി രൂപകൽപ്പന ചെയ്ത ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള പ്രത്യേക ഓൺലൈൻ കോഴ്സിന്റെ ഉദ്ഘാടന കർമ്മവും ഇതോടൊപ്പം നിർവഹിക്കപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

