ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ ദുരിതാശ്വാസ പാക്കറ്റ് മുകളിലേക്ക് നോക്കിനിൽക്കുകയായിരുന്ന ആളുടെ തലയിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു.
60 വയസ്സുകാരനായ ലക്ഷ്മൺ യാദവ് ആണ് മരിച്ചത്. സാരൺ ജില്ലയിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ആകാശമാർഗം ദുരിതാശ്വാസ വിതരണം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് ജില്ലാ ഭരണകൂടം ഹെലികോപ്റ്റർ ഉപയോഗിച്ച് പാക്കറ്റുകൾ താഴേക്ക് ഇട്ടത്. ഹെലികോപ്റ്ററിൽ നിന്ന് പാക്കറ്റ് താഴേക്ക് വീഴുന്നത് കാണാൻ വീടിന് വെളിയിൽ നിൽക്കുകയായിരുന്ന ലക്ഷ്മൺ യാദവിന്റെ തലയിലേക്കാണ് കനത്ത ഭാരമുള്ള പാക്കറ്റ് നേരിട്ട് പതിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരമേറിയ ദുരിതാശ്വാസ പാക്കറ്റുകൾ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മതിയായ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ എറിഞ്ഞു നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

