ആറളം മേഖലയിൽ മാസങ്ങളായി ആശങ്ക പരത്തിയിരുന്ന ‘കണ്ണൂർ മഖ്ന (കെഎം-1)’ എന്ന മോഴയാനയെ ഒടുവിൽ വയനാട് മുത്തങ്ങ ആനപ്പന്തിയിലെ ആനക്കൊട്ടിലിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചെ 5.30ന് ആരംഭിച്ച ‘ഓപ്പറേഷൻ കെഎം-1’ ദൗത്യം പൂർത്തിയായത് കൃത്യം 28.5 മണിക്കൂറുകൾക്ക് ശേഷമാണ്.
ഇന്നലെ രാവിലെ 6 മണിയോടെ ആനയെ മുത്തങ്ങയിലെ ആനക്കൊട്ടിലിൽ സുരക്ഷിതമായി പ്രവേശിപ്പിച്ചു. ദൗത്യസംഘം രാവിലെ 9.30ഓടെയാണ് ഇരിട്ടിയിൽ തിരിച്ചെത്തിയത്.
വനംവാലകർ നൽകിയ പുല്ല് അല്പം കഴിച്ചെങ്കിലും, മയക്കം വിട്ടുതുടങ്ങുന്നതോടെ കൂടു തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആന ചെറിയ തോതിൽ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ട്. വന്യമൃഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഓടച്ചാൽ, ബ്ലോക്ക് 13 ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പരിപ്പത്തോട് ജലനിധി പദ്ധതിക്ക് സമീപം മോഴയാനയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് രാവിലെ 11.38ഓടെ ആദ്യ മയക്കുവെടി പ്രയോഗിച്ചു.
കുങ്കിയാനകളുടെ കർശന നിയന്ത്രണത്തിലാക്കിയ ശേഷം ഉച്ചകഴിഞ്ഞ് 1.50ന് വീണ്ടും മരുന്ന് നൽകി പൂർണ്ണമായും കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിയിലേക്ക് കയറ്റി.
എന്നാൽ, വനത്തിനുള്ളിൽ നിന്നുള്ള മടക്കയാത്രയായിരുന്നു ദൗത്യസംഘത്തിന് ഏറ്റവും വലിയ വെല്ലുവിളിയായത്. കനത്ത മഴയെ തുടർന്ന് ചെളിനിറഞ്ഞ കാട്ടുവഴിയിലൂടെ വെറും 300 മീറ്റർ പിന്നിടാൻ മാത്രം ലോറിക്ക് അഞ്ച് മണിക്കൂർ സമയമെടുത്തു.
തുടർന്ന് അടുത്ത മൂന്ന് കിലോമീറ്ററോളം വാഹനം വീണ്ടും ചെളിയിൽ പുതഞ്ഞുപോയത് ഒരു മണിക്കൂറിലധികം നഷ്ടം വരുത്തി. പ്രതികൂല കാലാവസ്ഥയെയും ദുർഘടമായ പാതകളെയും അതിജീവിച്ചാണ് ഇന്നലെ രാവിലെ ആനയെ മുത്തങ്ങയിൽ എത്തിച്ചത്.
ആനയുടെ ആരോഗ്യനില പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷം, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തന്നെ തുറന്നുവിടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. മന്ത്രി ഷിബു ബേബി ജോൺ സ്വീകരിച്ച അനുകൂലമായ നിലപാടാണ് മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റുന്നതിനുള്ള സാഹചര്യം വേഗത്തിലാക്കാൻ സഹായിച്ചതെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
ആറളത്തെ വിഷയങ്ങളിൽ മന്ത്രി നേരിട്ട് വിവിധ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ആനമതിലിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ആറളം മേഖലയിൽ ശക്തമായ നിരീക്ഷണം തുടരണമെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

