സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചതോടെ ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോന തീരത്ത് ഉണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നർബോന ചാപ്പലിനു മുന്നിലെ റോഡിന്റെ പകുതി ഭാഗവും കടലെടുത്തു. 35 മീറ്ററിനു മേൽ കടൽ കരയിലേക്ക് കയറുകയും 150 മീറ്റർ നീളത്തിൽ തീരം പൂർണ്ണമായി കടലെടുക്കുകയും ചെയ്തു.
പ്രദേശത്തെ കാറ്റാടി മരങ്ങൾ കടപുഴകി വീണത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായിട്ടുണ്ട്. പൊന്തുവള്ളങ്ങളും മറ്റ് യാനങ്ങളും കടലിലേക്ക് ഇറക്കുന്നതിന് ഇത് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
കടലാക്രമണം ഇനിയും രൂക്ഷമായാൽ തീരപ്രദേശത്തെ വീടുകളും വിലപിടിപ്പുള്ള മത്സ്യബന്ധന ഉപകരണങ്ങളും കടലെടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സംഭവസ്ഥലം സന്ദർശിച്ച ജി.സുധാകരൻ എംഎൽഎ സ്ഥിതിഗതികൾ വിലയിരുത്തി.
വെള്ളക്കെട്ടിൽ വലഞ്ഞ് ജനം
മഴ കനത്തതോടെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
സർവീസ് റോഡുകളിൽ നിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ പലയിടത്തും കാൽമുട്ടോളം വെള്ളമാണ് ഉയർന്നു നിൽക്കുന്നത്. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയും തുറവൂർ – പറവൂർ റീച്ചിലുമുള്ള സർവീസ് റോഡുകളിലാണ് യാത്രക്കാർ ദുരിതം പേറുന്നത്.
നേരത്തെ തന്നെ ഗതാഗതക്കുരുക്കിലായിരുന്ന എക്സ്റേ ജംക്ഷൻ അടക്കമുള്ള പ്രദേശങ്ങളിൽ മഴ കൂടി പെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. ഉയരപ്പാതയുടെ ഇരുവശങ്ങളിലും ആവശ്യത്തിന് കാന നിർമാണം പൂർത്തിയായിട്ടില്ല.
നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ മുകളിൽ നിന്നുള്ള ഡ്രെയ്നേജ് പൈപ്പുകൾ കാനയിലേക്ക് കണക്ട് ചെയ്തിട്ടുണ്ടെങ്കിലും, ഇവിടെ നിന്നും തോടുകളിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള മാർഗ്ഗമില്ല. ഫലത്തിൽ കാന കരകവിഞ്ഞ് പലസ്ഥലങ്ങളിലും ഒരടിയോളം ഉയരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
തുറവൂരിൽ നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന പാതയിൽ കോടംതുരുത്തിൽ അര കിലോമീറ്ററോളം ദൂരത്തിൽ റോഡ് മുങ്ങിനിൽക്കുന്നതിനാൽ വാഹനങ്ങൾ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. ഉയരപ്പാതയുടെ ഗർഡറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് കൈവരികളുടെ പണി പൂർത്തിയാകാത്തതിനാൽ ഇവിടെനിന്നും വലിയ അളവിൽ വെള്ളം താഴേക്ക് പതിക്കുന്നുണ്ട്.
ഈ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം ദേഹത്തു വീണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മഴക്കണക്കുകൾ
ജില്ലയിൽ ഇതുവരെ വളരെ മികച്ച രീതിയിലാണ് തുലാവർഷം ലഭിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെ 268.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 292.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
ഇത് 9 ശതമാനം മഴക്കൂടുതലാണെങ്കിലും കാലാവസ്ഥാ വകുപ്പ് ഇതിനെ സാധാരണ മഴയായാണ് കണക്കാക്കുന്നത്. മുൻ ദിവസങ്ങളിൽ മഴക്കുറവ് രേഖപ്പെടുത്തിയിരുന്ന ജില്ലയിൽ ഇന്നലത്തെ ശക്തമായ മഴയോടെയാണ് സ്ഥിതി മാറിയത്.
എന്നാൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷക്കാലത്ത് ജില്ലയിൽ 32 ശതമാനം മഴക്കുറവാണ് ഉണ്ടായിരുന്നത്. അതിനാൽ തുലാവർഷം കൂടി കനിയാത്ത പക്ഷം പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ച മഴയുടെ അളവ്: തൈക്കാട്ടുശേരി: 44.5 മില്ലിമീറ്റർ, നൂറനാട്: 24 മില്ലിമീറ്റർ, ചേർത്തല: 19 മില്ലിമീറ്റർ, കരുമാടി: 9 മില്ലിമീറ്റർ എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കരുമാടിയിൽ 28.5 മില്ലിമീറ്റർ മഴയും ഹരിപ്പാട്ട് 13.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിരുന്നു.
തീവ്ര കാലാവസ്ഥാ മുന്നറിയിപ്പ്
ലക്ഷദ്വീപിന് സമീപം നിലനിൽക്കുന്ന ശക്തമായ ചക്രവാതച്ചുഴിയാണ് ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ കാരണം. കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ഇന്നലെയ മുഴുവൻ തുടർന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന മഞ്ഞ അലർട്ട് പിന്നീട് ഓറഞ്ച് അലർട്ടായി ഉയർത്തിയിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞ് അന്തരീക്ഷം തെളിയുമെന്നാണ് പ്രവചനം.
അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

