വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ നിർണ്ണായകമായ മൂന്നാം ടി20 മത്സരത്തിലും ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിക്കില്ല. പരമ്പരയിലെ ആദ്യ പോരാട്ടത്തിനിടയിലാണ് താരത്തിന് വലത് തുടയിലെ പേശികൾക്ക് പരിക്കേറ്റത്.
ഇതേതുടർന്ന് രണ്ടാം മത്സരത്തിലും താരം പുറത്തിരുന്നിരുന്നു. പരിക്ക് പൂർണ്ണമായി ഭേദപ്പെട്ടെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മൂന്നാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി.
“ഇഷാൻ കിഷൻ മൂന്നാം മത്സരത്തിൽ ലഭ്യമാകില്ല. ഇഷാൻ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മൂന്നാം മത്സരത്തിൽ നിന്ന് മാറ്റിനിർത്തുന്നത്” എന്ന് മോർക്കൽ മാധ്യമങ്ങളോട് പറഞ്ഞു. ഹാഗ്ലി ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ 226 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം ഇന്ത്യ വിജയകരമായി മറികടന്നപ്പോൾ ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു.
എന്നാൽ രണ്ടാം മത്സരത്തിന് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായതോടെ താരത്തിന് പകരക്കാരനായി ഏകദിന ടീമിലുണ്ടായിരുന്ന കുമാർ കുശാഗ്രയെ ഉൾപ്പെടുത്തുകയും, 15 കാരനായ വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകുകയും ചെയ്തിരുന്നു. മൂന്നാം മത്സരത്തിലും ഇഷാൻ കളിക്കില്ലെന്ന് ഉറപ്പായതോടെ വൈഭവ് സൂര്യവംശിക്ക് വീണ്ടും പ്ലേയിംഗ് ഇലവനില് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം ടി20യിൽ മൂന്നാം നമ്പറിലിറങ്ങിയ വൈഭവിന് 8 പന്തിൽ 4 റൺസ് മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തിൽ വെല്ലിംഗ്ടണിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ അഭിഷേകിനൊപ്പം ഓപ്പണർ സ്ഥാനത്ത് കളിക്കാൻ വൈഭവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
വൈഭവും അഭിഷേകും ഓപ്പണർമാരായി ഇറങ്ങുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് ബാറ്റിംഗ് സ്ഥാനം മാറ്റേണ്ടി വരും. ആദ്യ മത്സരത്തിൽ വൈഭവിനെ പരിചിതമല്ലാത്ത മൂന്നാം നമ്പറിൽ കളിപ്പിച്ചതിനെതിരെ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വൈഭവിന് പകരം സഞ്ജുവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കണമായിരുന്നു എന്ന് മുൻ താരങ്ങളായ അശ്വിനും മുരളി കാർത്തിക്കും അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

