മഹാരാഷ്ട്രയിലെ സത്താറയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥിനി ജീവനൊടുക്കി. യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ സൃഷ്ടി ഭാനുദാസ് (19) ആണ് ദാരുണമായി മരിച്ചത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലായിരുന്നു സൃഷ്ടി താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി കുളിമുറിയിൽ പോവുകയാണെന്ന് സഹപാഠികളോട് വ്യക്തമാക്കിയ ശേഷമാണ് വിദ്യാർഥിനി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അപകടം നടന്നതിന് പിന്നാലെ ഉടൻ തന്നെ വിദ്യാർഥിനിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും വിദ്യാർഥിനിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
എങ്കിലും, ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പെട്ടിട്ടുള്ള വിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയുടെ ചുമരുകളിലെഴുതിയ ചില ചുവരെഴുത്തുകളെ സംബന്ധിച്ച് വലിയ പരാതികൾ ഉയർന്നിരുന്നു.
കുളിമുറിയുടെ ചുവരുകളിൽ അപകീർത്തികരമായ വാക്കുകൾ എഴുതിവെച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില വിദ്യാർഥിനികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഈ വിഷയത്തിൽ ചില വിദ്യാർഥിനികളുടെ രക്ഷിതാക്കളെ നേരിട്ട് വിളിച്ചുവരുത്താനും അധികൃതർ ആലോചിച്ചിരുന്നതായി വിവരങ്ങളുണ്ട്. ഇതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

