മൂക്കുപൊത്തി നടക്കേണ്ടിയിരുന്ന ഒരു മാലിന്യസംസ്കരണ കേന്ദ്രത്തെ മനോഹരമായ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് വയനാട്ടിലെ നൂൽപുഴ പഞ്ചായത്തിലെ ഹരിത കർമസേന. ബത്തേരിക്ക് സമീപമുള്ള കല്ലൂർ അറുപത്തേഴ് എംസിഎഫ് (മെറ്റീരിയിൽ കലക്ഷൻ ഫെസിലിറ്റി) അങ്കണമാണ് ഇപ്പോൾ പുതിയ മാറ്റങ്ങൾക്ക് വേദിയായിരിക്കുന്നത്.
മുക്കാൽ ഏക്കറോളം വരുന്ന സ്ഥലത്ത് മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്തതോടെ ഗുണ്ടൽപേട്ടയെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പൂപ്പാടമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികളുടെ പ്രധാന ഫോട്ടോ സ്പോട്ടായി ഇവിടം ഇതിനോടകം മാറിക്കഴിഞ്ഞു.
മാസത്തിൽ പത്ത് ദിവസം മാത്രം ലഭിച്ചിരുന്ന മാലിന്യശേഖരണ ജോലി വിവിധ സംരംഭങ്ങളിലൂടെ മുപ്പത് ദിവസമാക്കാനുള്ള തീവ്രശ്രമത്തിലാണ് 38 അംഗങ്ങളുള്ള ഹരിത കർമസേന. പഞ്ചായത്തിലെ വിവിധ മിനി എംസിഎഫുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടെയെത്തിച്ച് തരംതിരിച്ചാണ് ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്.
ഇതിന്റെ ഭാഗമായി ഷ്രഡിങ് യന്ത്രം സ്ഥാപിച്ച് മാലിന്യം പൊടിച്ചു വിറ്റ് കൂടുതൽ വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും 60 ലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.
കൂടാതെ എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷൻ നൂൽപുഴയിലെ ഹരിത കർമ സേനയ്ക്ക് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മഞ്ഞൾ പോളിഷ് ചെയ്തും പൊടിയാക്കിയും വിപണനം ചെയ്യുന്നതിനും കുരുമുളക് ഗ്രേഡ് ചെയ്യുന്നതിനുമാണ് ഈ തുക ഉപയോഗിക്കുന്നത്.
വന്യജീവി ശല്യം ബാധിക്കാത്ത മഞ്ഞൾ കൃഷി ജനകീയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഹരിത കർമ സേന ചാർജ് ഓഫിസർ സി.ആർ.
നീധിഷ് വ്യക്തമാക്കി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബെയ്ലിങ്, ഗ്രൈൻഡിങ് യന്ത്രങ്ങൾ ഉടൻ ഇവിടെയെത്തും.
പ്രതിമാസം ശരാശരി പത്ത് ടൺ മാലിന്യമാണ് ഈ കേന്ദ്രത്തിൽ എത്തിക്കുന്നത്. സേനാംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ.എം. ഷാജി നിർവഹിക്കും.
കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ശേഖരിച്ച് വിൽപന നടത്തുന്നതിനായി കല്ലൂർ ടൗണിൽ ‘ഇക്കോ ഷോപ്പ്’ എന്ന പേരിൽ പുതിയ വിപണന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഹരിതകർമ സേനാംഗങ്ങളായ വിനിഷയും സുനിതയുമാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കടയുടെ വളപ്പിലും ഒരേക്കറോളം സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും കർഷകരുടെ ഉൽപന്നങ്ങൾ മികച്ച വില നൽകി ശേഖരിച്ച് ഈ ഇക്കോ ഷോപ്പ് വഴി വിൽപന നടത്താനാണ് തീരുമാനം.
ഇതിനായി പുതിയ ഇലക്ട്രിക് വാഹനവും വാങ്ങാൻ സേന തയാറെടുക്കുന്നുണ്ട്. തേങ്ങ, വയനാടൻ അരി, വെളിച്ചെണ്ണ, തേൻ, കുരുമുളക്, കാപ്പിപ്പൊടി, പച്ചക്കറികൾ തുടങ്ങി വിവിധ നാടൻ ഉൽപന്നങ്ങൾ വീടുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് വിപണിയിലെത്തിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
ഗോത്രവർഗ വിഭാഗങ്ങളും കർഷകരും തിങ്ങിപ്പാർക്കുന്ന വനയോര ഗ്രാമമായ നൂൽപുഴയിൽ ഹരിത കർമസേനയുടെ ഈ പുതിയ ചുവടുവെയ്പ്പ് വലിയ സാമ്പത്തിക മുന്നേറ്റമാണുണ്ടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

