സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് അഡ്ഹോക്ക് കമ്മിറ്റിയെ എറണാകുളം മുൻസിഫ് കോടതി വിലക്കി. സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പുറത്തുവന്നത്.
ശ്വേത മേനോൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. അഡ്ഹോക്ക് കമ്മിറ്റിക്ക് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാൻ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്.
നിലവിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടർന്നും പ്രവർത്തിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം ശ്വേത മേനോൻ അധ്യക്ഷയായ ഭരണസമിതി ഒന്നടങ്കം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായി ഒരു അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരികയും ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിൽ, രാജിവെച്ചവർ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കമ്മിറ്റി അംഗമായ കെ ബി ഗണേഷ് കുമാറും ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങൾക്ക് മറുപടിയുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. സംഘടനയുടെ ബൈലോ പ്രകാരം, പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണച്ചുമതല രാജിവെച്ച കമ്മിറ്റിക്കാണെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും അവർ വ്യക്തമാക്കി.
വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്വേത മേനോൻ കുറിച്ചത് ഇപ്രകാരമാണ്: “ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താല്പര്യങ്ങള് ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്? അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ.
അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക.
അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല”. ഈ വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

