കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ ഭാഗമായി കായിക മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പ്രഥമ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. കായിക രംഗത്തെ മികച്ച മാധ്യമ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്.
അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് രാകേഷ് കെ. നായർ, അനീഷ് ജി.
നായർ, അനിരു അശോകൻ എന്നിവർ അർഹരായി. ഇവർക്ക് 50,000 രൂപ വീതം സമ്മാനത്തുക ലഭിക്കും.
ഇതേ വിഭാഗത്തിൽ അൻസർ രാജ് 25,000 രൂപയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ശ്രാവൺ കൃഷ്ണ പി.കെ, മഹേഷ് പോലൂർ, ടി.എസ് ഹരികൃഷ്ണ എന്നിവർ പങ്കിട്ടു.
വിജയികൾക്ക് 50,000 രൂപ വീതമാണ് സമ്മാനത്തുക. ദൃശ്യമാധ്യമ വിഭാഗത്തിൽ എൻ.കെ ഗിരീഷ് പ്രത്യേക പരാമർശമായി 25,000 രൂപയും കരസ്ഥമാക്കി.
മികച്ച സ്പോർട്സ് പ്രോഗ്രാമിനുള്ള 25,000 രൂപയുടെ അവാർഡ് ‘കേരള ക്രിക്കറ്റിൻ്റെ കളിമുറ്റങ്ങൾ’ എന്ന പരിപാടിയിലൂടെ ടി.എസ് ഹരികൃഷ്ണ നേടി. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച സ്പെഷ്യൽ സ്റ്റോറിക്കുള്ള അവാർഡ് അശ്വിൻ അശോക് കുമാറിന് ലഭിച്ചു (25,000 രൂപ).
എം.ആർ പ്രവീൺ ചന്ദ്രൻ 25,000 രൂപയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. കൂടാതെ, മികച്ച ഫോട്ടോ ജേർണലിസ്റ്റിനുള്ള 25,000 രൂപയുടെ പുരസ്കാരം ശ്രീലക്ഷ്മി ശിവദാസ് ഏറ്റുവാങ്ങും.
മികച്ച തലക്കെട്ടിനുള്ള പുരസ്കാരം ദീപികയും, സമഗ്ര കവറേജിനുള്ള പുരസ്കാരം കേരള കൗമുദിയും കരസ്ഥമാക്കി. ഡിജിറ്റൽ മാധ്യമരംഗത്ത് മികച്ച ഓൺലൈൻ കവറേജിനുള്ള പുരസ്കാരം പങ്കിട്ടത് ഓൺലൈൻ മാധ്യമങ്ങളാണ്.
ഇരു വിഭാഗങ്ങൾക്കും 25,000 രൂപ വീതം സമ്മാനത്തുക ലഭിക്കും. ജൂലൈ എട്ടിന് വൈകുന്നേരം കോവളത്തെ ദി ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന കെസിഎൽ മീഡിയ അവാർഡ് നൈറ്റിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

