കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സ്റ്റേഷന്റെ നിയന്ത്രണം ആദ്യമായി ഒരു വനിതയുടെ കൈകളിൽ എത്തിയിരിക്കുന്നു. കുന്നമംഗലം പെരിങ്ങൊളം സ്വദേശി കെ.സുമ കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജരായി ചുമതലയേറ്റത്.
നേരത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്ററായി സേവനം അനുഷ്ഠിച്ചിരുന്ന ഈ തസ്തിക പിന്നീട് റെയിൽവേ സ്റ്റേഷൻ മാനേജരായി പുനർനാമകരണം ചെയ്യുകയായിരുന്നു. ഇതോടെ ദക്ഷിണ റെയിൽവേയുടെ സ്റ്റേഷൻ മാനേജരായ ആദ്യ വനിത എന്ന അപൂർവ്വ ബഹുമതിയും കെ.സുമ സ്വന്തമാക്കി.
കോഴിക്കോട് സ്റ്റേഷന്റെ ഭരണച്ചുമതലയ്ക്ക് പുറമെ, കോഴിക്കോട് മുതൽ എറണാകുളം വരെയും മഞ്ചേശ്വരം വരെയുമുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന ട്രാഫിക് ചുമതലയും ഇവർക്കാണ് നൽകിയിട്ടുള്ളത്. ഏകദേശം 13 വർഷം മുൻപാണ് ഇവർ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകുന്നത്.
മംഗളൂരുവിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ (ASM) ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടർന്ന് കടലുണ്ടി, കല്ലായി എന്നിവിടങ്ങളിൽ സ്റ്റേഷൻ മാസ്റ്ററായും സേവനം അനുഷ്ഠിച്ചു.
തുടർന്ന് കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന്റെ സൂപ്രണ്ട് ചുമതലയും വഹിച്ചിട്ടുണ്ട്. ഇതിനുപുറമെ കല്ലായി, താനൂർ, കോഴിക്കോട് എന്നീ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സൂപ്രണ്ട് ചുമതലകളും ഇവർ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
കെഎസ്ആർടിസി കാസർകോട് ഡിപ്പോയിലെ ഡ്രൈവർ എൻ.എസ്.ബൈജു ആണ് ഭർത്താവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

